പത്തനംതിട്ട: ഓമല്ലൂരിൽ പ്രവർത്തിക്കുന്ന എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ 17 വയസുകാരനെ ക്രൂരമായി മർദിച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
ഇടുക്കി അണക്കര സ്വദേശിയായ 17കാരനെ പഠനവും ജോലിയും വാഗ്ദാനം ചെയ്ത് സ്ഥാപനത്തിൽ എത്തിച്ചുവെന്നാണ് ആരോപണം. മൂന്ന് മാസത്തോളമായി സ്ഥാപനത്തിൽ താമസിച്ചിരുന്ന കുട്ടിക്ക് പഠനം ലഭിക്കാതെ വിവിധ ജോലികൾ ചെയ്യിപ്പിച്ചിരുന്നതായും, ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് ചൂരൽ ഉപയോഗിച്ച് മർദിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥാപനവുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യം കട്ടപ്പന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പത്തനംതിട്ട പൊലീസിന് കൈമാറാനാണ് തീരുമാനം. സ്ഥാപന ഉടമയായ പാസ്റ്റർ ബിനു വാഴമുട്ടത്തെ നിലവിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും സെന്ററിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായാണ് സൂചന.അതേസമയം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ പഠനവും തൊഴിലും വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം പ്രതിഫലം നൽകാതെ ജോലി ചെയ്യിപ്പിക്കുകയും മർദനത്തിനും ദുരുപയോഗത്തിനും വിധേയരാക്കുകയും ചെയ്തെന്ന ഗുരുതര ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഒരു കുട്ടിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തിയതായും, നിയമാനുസൃത അനുമതികളില്ലാതെ കുട്ടികളെയും മറ്റു ആളുകളെയും പാർപ്പിച്ചിരുന്നുവെന്ന വിവരങ്ങളും ബാലക്ഷേമ സമിതിക്ക് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
സംഭവം പുറത്തുവന്നതോടെ പ്രദേശവാസികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്റർ നേരത്തെയും വിവാദങ്ങളിൽപ്പെട്ടിരുന്നു. പ്രാർത്ഥനാ പരിപാടികൾ മൂലം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ഓമല്ലൂർ പഞ്ചായത്ത് തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.



