ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കിയർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിലെ ശക്തമായ സമ്മർദങ്ങളും സമീപകാല രാഷ്ട്രീയ തിരിച്ചടികളും പശ്ചാത്തലമായാണ് സ്റ്റാർമർ പദവി ഒഴിയാൻ തീരുമാനിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയാകുന്നതുവരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടിയെ അധികാരത്തിലെത്തിച്ച സ്റ്റാർമർ, രണ്ടുവർഷം പൂർത്തിയാകുന്നതിന് മുമ്പേ പദവി ഒഴിയുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ അസംതൃപ്തിയും ജനപിന്തുണയിലെ ഇടിവും അദ്ദേഹത്തിന്റെ നേതൃത്വത്തെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.ജൂലൈ 9 മുതൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നാമനിർദേശ നടപടികൾ ആരംഭിക്കും. മുൻ മാഞ്ചസ്റ്റർ മേയറും പുതുതായി എംപിയായ ആൻഡി ബേൺഹാം സ്റ്റാർമറുടെ പിൻഗാമിയായി മുൻനിരയിൽ പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.സ്റ്റാർമറുടെ രാജിയോടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടന് ഏഴാമത്തെ പ്രധാനമന്ത്രിയെ ലഭിക്കാനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്.



