മുംബൈ: ശരദ് പവാർ നയിക്കുന്ന എൻസിപി (എസ്.പി.) കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് ബിജെപി നേതൃത്വവും ശരദ് പവാറുമായി അനൗദ്യോഗിക ബന്ധപ്പെടൽ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
റിപ്പോർട്ടുകൾ പ്രകാരം, എൻസിപി (എസ്.പി.)യിലെ ഒരു വിഭാഗം കോൺഗ്രസിൽ ലയിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗം എൻഡിഎയുമായി കൈകോർക്കണമെന്നാണ് നിലപാട്. പാർട്ടിയുടെ എട്ട് ലോക്സഭാ എംപിമാരിൽ ഭൂരിപക്ഷവും എൻഡിഎയിലേക്കുള്ള നീക്കത്തോടാണ് താൽപര്യം പ്രകടിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കോൺഗ്രസ് നേതാവ് വിജയ് വഡെട്ടിവാർ, എൻസിപി (എസ്.പി.)–കോൺഗ്രസ് ലയനവുമായി ബന്ധപ്പെട്ട് ഡൽഹി നേതൃത്വതലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ശരദ് പവാർ അനുകൂല ക്യാമ്പിൽ ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്നാണ് റിപ്പോർട്ടുകൾ.ഇതിനിടെ, ബിജെപി നേതൃത്വവും ശരദ് പവാറുമായി ആശയവിനിമയം നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എൻഡിഎയിൽ ചേർന്നാൽ സുപ്രിയ സുലെയ്ക്ക് പ്രധാന ചുമതല ഉൾപ്പെടെയുള്ള രാഷ്ട്രീയ ധാരണകളെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നുവെന്നാണു ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ബിജെപിയോ എൻസിപി (എസ്.പി.)യോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം, കോൺഗ്രസുമായുള്ള ലയനമോ എൻഡിഎ പ്രവേശനമോ സംബന്ധിച്ച് ശരദ് പവാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചനകളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളവയാണ്.



