കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ കാലിഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിയായ മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയും പച്ചക്കറികളും എറിഞ്ഞ് ആക്രമണം നടത്തിയതായി ആരോപണം. ബുധനാഴ്ച പാർട്ടി പ്രവർത്തകരുടെ യോഗത്തിനായി എത്തിയിരുന്ന ടിഎംസി ഓഫീസിന് പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടിയതിനെ തുടർന്ന് താൻ ഏകദേശം നാല് മണിക്കൂറോളം ഓഫീസിനുള്ളിൽ കുടുങ്ങിയിരുന്നുവെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.
ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. പൊലീസ് സമയോചിതമായി ഇടപെട്ടില്ലെന്നും, പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അവർ വിമർശിച്ചു.അതേസമയം, മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ ബിജെപി തള്ളിക്കളഞ്ഞു. സംഭവത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളുടെ ഭാഗമായാണ് ഈ സംഭവമുണ്ടായതെന്നും പശ്ചിമ ബംഗാൾ ബിജെപി നേതൃത്വം പ്രതികരിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ ചൊല്ലി പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.



