ഫിഫ ലോകകപ്പ് 2026 പ്രീക്വാർട്ടറിൽ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഡാലസിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ഇൻജുറി ടൈമിൽ പകരക്കാരനായെത്തിയ മികേൽ മെറിനോ വിജയഗോൾ നേടിയത്.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. ലാമിൻ യമാലിന്റെ നേതൃത്വത്തിൽ സ്പെയിൻ നിരന്തരം ആക്രമണം നടത്തിയപ്പോൾ, ബ്രൂണോ ഫെർണാണ്ടസും പെഡ്രോ നെറ്റോയും മുന്നിൽ നിന്ന് പോർച്ചുഗൽ തിരിച്ചടിച്ചു. എന്നാൽ ഇരുടീമുകളുടെയും പ്രതിരോധം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരം ഗോൾരഹിതമായി നീങ്ങി.മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇൻജുറി ടൈമിൽ ഫെറാൻ ടോറസിന്റെ പാസിൽ നിന്ന് മെറിനോ വലകുലുക്കിയത്. ഈ വിജയത്തോടെ സ്പെയിൻ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ നേരിടും.അതേസമയം, ഈ തോൽവിയോടെ പോർച്ചുഗലിന്റെ ലോകകപ്പ് പോരാട്ടവും അവസാനിച്ചു. ഇതോടെ ആറു ലോകകപ്പുകളിൽ കളിച്ച ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദിയോട് വിടപറഞ്ഞു. അവസാന വിസിലിന് പിന്നാലെ നിരാശയോടെ മൈതാനം വിട്ട റൊണാൾഡോയുടെ ദൃശ്യങ്ങൾ ആരാധകരെ വികാരഭരിതരാക്കി



