ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുടെയും പരിശീലക സംഘത്തിന്റെയും പ്രവർത്തനം സമഗ്രമായി വിലയിരുത്താൻ ബിസിസിഐ തീരുമാനിച്ചു. പരമ്പര അവസാനിച്ച ഉടൻ അവലോകന യോഗം ചേരുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
പരിശീലകൻ ഗൗതം ഗംഭീറിന്റെ കരാർ 2027 വരെ നിലവിലുണ്ടെങ്കിലും, ടീമിന്റെ സമീപകാല പ്രകടനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനരീതിയെയും ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ ഗംഭീറിന്റെ പ്രകടനവും അവലോകനത്തിന് വിധേയമാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തെ ഉടൻ പുറത്താക്കുമെന്ന തരത്തിൽ ബിസിസിഐ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.
ശ്രേയസ് അയ്യർ നയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താനായില്ല. ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയതോടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ഈ തോൽവിയാണ് ബിസിസിഐയുടെ അടിയന്തര അവലോകനത്തിന് പ്രധാന കാരണം.അതേസമയം, ടീം ഇപ്പോൾ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗൗതം ഗംഭീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിചയസമ്പന്നരായ ചില താരങ്ങളുടെ അഭാവവും പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതുമാണ് നിലവിലെ വെല്ലുവിളികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സാഹചര്യങ്ങൾ വായിച്ചെടുക്കുന്നതിലും അതിനനുസരിച്ച് കളി ക്രമീകരിക്കുന്നതിലും ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും ഗംഭീർ സമ്മതിച്ചിരുന്നു.
അവലോകന യോഗത്തിൽ കളിക്കാരുടെ വ്യക്തിഗത പ്രകടനം, ടീമിന്റെ തിരഞ്ഞെടുപ്പ്, പരിശീലക സംഘത്തിന്റെ പ്രവർത്തനം, വരാനിരിക്കുന്ന പരമ്പരകൾക്കായുള്ള തയ്യാറെടുപ്പുകൾ എന്നിവ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം. ഈ യോഗത്തിന് ശേഷമാകും ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമോ, ഗംഭീറിന്റെ സ്ഥാനത്തെക്കുറിച്ച് എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കുക



