Wednesday, September 2, 2026
HomeQatarഉമ്മൻചാണ്ടി ജനസേവ പുരസ്കാരം ഐ.സി.ബി.എഫ് പ്രസിഡന്റ് സി.എ. ഷാനവാസ് ബാവയ്ക്ക്

ഉമ്മൻചാണ്ടി ജനസേവ പുരസ്കാരം ഐ.സി.ബി.എഫ് പ്രസിഡന്റ് സി.എ. ഷാനവാസ് ബാവയ്ക്ക്

ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ ‘ഉമ്മൻചാണ്ടി ജനസേവ പുരസ്കാരം’ ഈ വർഷം ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റ് സി.എ. ഷാനവാസ് ബാവയ്ക്ക് സമ്മാനിക്കും. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജൂലൈ 24 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കുക. ചടങ്ങിൽ ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി മുഖ്യാതിഥിയായി പങ്കെടുക്കും.

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ബി.എഫിന്റെ പ്രസിഡന്റെന്ന നിലയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

ചാർട്ടേഡ് അക്കൗണ്ടന്റായ സി.എ. ഷാനവാസ് ബാവയുടെ നേതൃത്വത്തിൽ ഐ.സി.ബി.എഫ് സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾക്ക് ധനസഹായം, ചികിത്സാ സഹായം, കോൺസുലർ സേവനങ്ങൾ, നിയമസഹായം, തൊഴിൽ സംബന്ധമായ പിന്തുണ, ദുരിതത്തിലായ തൊഴിലാളികൾക്ക് അടിയന്തര സഹായം, മരണപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ഏകോപനം തുടങ്ങി നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തി വരികയാണ്. ദോഹയിൽ പ്രവർത്തിക്കുന്ന ഐ.സി.ബി.എഫിന്റെ ഹെൽപ് ഡെസ്ക് ഇന്ത്യൻ എംബസിയുമായും ഖത്തർ അധികൃതരുമായും വിവിധ സാമൂഹിക സംഘടനകളുമായും സഹകരിച്ച് പ്രവാസികൾക്ക് സമയബന്ധിതമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവരുന്നു.

ജോപ്പച്ചൻ തെക്കേക്കുറ്റ് ചെയർമാനായ  അവാർഡ് കമ്മിറ്റി ഏകകണ്ഠമായാണ് സി.എ. ഷാനവാസ് ബാവയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

പത്രസമ്മേളനത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് വടകര, സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ. വി. ബോബൻ, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കേക്കുറ്റ്, ജോൺ ഗിൽബർട്ട് എന്നിവർ പങ്കെടുത്തു.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും മനുഷ്യസ്നേഹപരമായ സേവനങ്ങൾക്കും നൽകിയ വിലപ്പെട്ട സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സി.എ. ഷാനവാസ് ബാവയ്ക്ക് ഈ വർഷത്തെ ഉമ്മൻചാണ്ടി ജനസേവ പുരസ്കാരം സമ്മാനിക്കുന്നതെന്ന് ഇൻകാസ് ഖത്തർ ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments