കണ്ണൂർ: സൂപ്പർ ലീഗ് കേരള (SLK) ജേതാക്കളായ കണ്ണൂർ വാരിയേഴ്സിന്റെ പുതിയ മുഖ്യപരിശീലകനായി റഷ്യൻ പരിശീലകൻ ആൻഡ്രേ ചെർനിഷോവിനെ നിയമിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള പരിശീലകനാണ് അദ്ദേഹം.
2002-ൽ റഷ്യയുടെ അണ്ടർ-18 ദേശീയ ടീമിന്റെ പരിശീലകനായാണ് ചെർനിഷോവിന്റെ പരിശീലകജീവിതം ആരംഭിച്ചത്. തുടർന്ന് റഷ്യ, ജോർജിയ, ബെലാറസ്, കസാക്കിസ്ഥാൻ, സൗദി അറേബ്യ, കുവൈത്ത്, സെർബിയ, ഗ്രീസ്, ഉത്തര മസിഡോണിയ, ഇന്ത്യ എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചു.
ഇന്ത്യയിൽ മൊഹമ്മദൻ എസ്.സി.യെ 2023-24 ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ നേട്ടം. അതേ സീസണിൽ മികച്ച പരിശീലകനുള്ള ഐ-ലീഗ് പുരസ്കാരവും സ്വന്തമാക്കി. മൂന്ന് തവണ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടവും അദ്ദേഹത്തിന്റെ പരിശീലക നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ സീസണിൽ സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്.സി.യുടെ പരിശീലകനായിരുന്ന ചെർനിഷോവ് ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. എന്നാൽ ഫൈനലിൽ കണ്ണൂർ വാരിയേഴ്സിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് കിരീടം നഷ്ടമായത്.

കളിക്കാരനായിരിക്കെ റഷ്യൻ ദേശീയ ടീമിനായി 29 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുള്ള അദ്ദേഹം, ഡിനാമോ മോസ്കോ, സ്പാർട്ടക് മോസ്കോ എന്നീ പ്രമുഖ ക്ലബ്ബുകളുടെ താരവുമായിരുന്നു. 1992-ൽ യൂറോപ്യൻ അണ്ടർ-21 ചാമ്പ്യൻഷിപ്പ് നേടിയ റഷ്യൻ ടീമിലെ അംഗമായും ചെർനിഷോവ് ശ്രദ്ധ നേടിയിട്ടുണ്ട്.
നിയമനത്തെ തുടർന്ന് പ്രതികരിച്ച ചെർനിഷോവ്, “കണ്ണൂർ വാരിയേഴ്സ് സൃഷ്ടിച്ച നിലവാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ക്ലബ് ഇതുവരെ നേടിയ വിജയങ്ങളെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും, ഓരോ ദിവസവും ടീമിനെ മെച്ചപ്പെടുത്താനും, ആരാധകർക്ക് അഭിമാനിക്കാവുന്ന മറ്റൊരു മികച്ച സീസൺ സമ്മാനിക്കാനുമാണ് എന്റെ ലക്ഷ്യം,” എന്ന് പറഞ്ഞു.
“ആൻഡ്രേ ചെർനിഷോവിനെപ്പോലൊരു അന്താരാഷ്ട്ര നിലവാരമുള്ള പരിശീലകനെ ടീമിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ സീസണിലെ വിജയത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നതാണ് ക്ലബിന്റെ ലക്ഷ്യം. താരങ്ങളുടെയും പരിശീലകസംഘത്തിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ കണ്ണൂർ വാരിയേഴ്സിനെ ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ആരാധകരുടെ പിന്തുണയാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്.” കണ്ണൂർ വാരിയേഴ്സിന്റെ ഡയറക്ടർ കെ. എം. വർഗീസ് മലയാളധ്വനിയോട് പറഞ്ഞു

ഖത്തറിലെ പ്രമുഖ വ്യവസായികളും ഫുട്ബോൾ പ്രേമികളുമായ ഡോ ഹസ്സൻകുഞ്ഞി , കെ എം വർഗീസ് മിബു ജോസ് നെറ്റിക്കാടൻ
ഇ പി അബ്ദുൾറഹ്മാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ്ബാണ് കണ്ണൂർ വാരിയേഴ്സ്. പ്രശസ്ത യുവ സിനിമാ താരം ആസിഫ് അലി ക്ലബ്ബിന്റെ സെലിബ്രിറ്റി ഓണർ ആണ്.
സൂപ്പർ ലീഗ് കേരള സീസൺ -2 (2025) ചാമ്പ്യൻമാരാണ് കണ്ണൂർ വാരിയേഴ്സ് .



