ലഹരി മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ ഇനി മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും
തിരുവനന്തപുരം: ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന മെഡിക്കൽ ഷോപ്പുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില മെഡിക്കൽ ഷോപ്പുകളിൽ ഗുരുതര രോഗങ്ങൾക്കുള്ളതും ലഹരിക്കായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിതരണം ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ പ്രവണത ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ ഇനി മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഷാഡോ പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്ന് സംസ്ഥാനത്തുടനീളം മെഡിക്കൽ സ്റ്റോറുകളിൽ സംയുക്ത പരിശോധനകൾ ശക്തമാക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ ആരോഗ്യവകുപ്പുമായി വിശദമായ ചർച്ച നടത്തി തുടർനടപടികൾ വേഗത്തിൽ നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ലഹരി മാഫിയയെ പൂർണമായും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



