Wednesday, September 2, 2026
HomeKERALAടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ്; വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം വ്യക്തിപരമെന്ന് വിശദീകരണം

ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ്; വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം വ്യക്തിപരമെന്ന് വിശദീകരണം

വിവാദം ശക്തമായതോടെ കേരള സർക്കാർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

തിരുവനന്തപുരം: ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് ടി.ജി. മോഹൻദാസിൽ നിന്ന് ആർഎസ്എസ് ഔദ്യോഗികമായി അകലം പാലിച്ചു. മോഹൻദാസിന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകൾ മാത്രമാണെന്നും, ആർഎസ്എസിന്റെ അഭിപ്രായമല്ലെന്നും സംഘടന വ്യക്തമാക്കി.

ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത് സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ, “ടി.ജി. മോഹൻദാസ് ആർഎസ്എസിന്റെ ഒരു തലത്തിലുമുള്ള ഭാരവാഹിയല്ല. അദ്ദേഹം നടത്തിയ പരാമർശങ്ങളോട് ആർഎസ്എസിന് യോജിപ്പില്ല. അത്തരം അഭിപ്രായങ്ങളെ ശക്തമായി അപലപിക്കുന്നു” എന്നാണ് വ്യക്തമാക്കിയത്.

മുൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെ കുറിച്ച് സംസാരിക്കവെയാണ് ടി.ജി. മോഹൻദാസ് വിവാദ പരാമർശം നടത്തിയത്. പ്രതിഷേധക്കാരെ വെടിവെക്കണമെന്ന തരത്തിലുള്ള പ്രസ്താവനയും വനിതാ പ്രതിഷേധക്കാരെ കുറിച്ചുള്ള അധിക്ഷേപകരമായ പരാമർശങ്ങളും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

വിവാദം ശക്തമായതോടെ കേരള സർക്കാർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എസ്എഫ്ഐ, എഐവൈഎഫ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. പൊലീസ് നിയമനടപടികളും പരിശോധിച്ചുവരികയാണ്.

അതേസമയം, തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയാണ് പ്രചരിപ്പിച്ചതെന്നും, പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ടി.ജി. മോഹൻദാസ് പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ വിശദീകരണം വിവാദം ശമിപ്പിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments