Wednesday, September 2, 2026
HomeKERALAഓപ്പറേഷൻ ഔറം' : ജൂവലറികളിൽ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന

ഓപ്പറേഷൻ ഔറം’ : ജൂവലറികളിൽ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന

37 നികുതിദായകരുടെ സ്വർണക്കടകൾ, ശാഖകൾ, വീടുകൾ ഉൾപ്പെടെ 79 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്

പൊതുജനങ്ങൾ നൽകുന്ന നികുതിപ്പണം ചോർന്നുപോകാതെ സർക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാൻ സാധനങ്ങളോ, സേവനങ്ങളോ വാങ്ങുമ്പോൾ നിർബന്ധമായും കൃത്യമായ ബിൽ ചോദിച്ചു വാങ്ങണം

ഓപ്പറേഷൻ ഔറം‘ എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്‌സ്‌ന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ജൂവലറികളിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി.
ഇതിൽ നിന്നും നികുതി, പിഴ ഇനത്തിൽ 2.87 കോടി സർക്കാരിലേക്ക് പിരിച്ചെടുക്കാനും സാധിച്ചു. ജൂലൈ 30ന് വൈകുന്നേരം 3 ന് ആരംഭിച്ച പരിശോധന ജൂലൈ 31 ന് രാവിലെ വരെ നീണ്ടുനിന്നു, പഴയ സ്വർണാഭരണങ്ങൾ വാങ്ങി ശുദ്ധീകരിച്ചു ബാറുകളും ആഭരണങ്ങളും ആക്കി ജ്വല്ലറികളിൽ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിൽ ആണ് പരിശോധന നടത്തിയത്.

37 നികുതിദായകരുടെ സ്വർണക്കടകൾ, ശാഖകൾ, വീടുകൾ ഉൾപ്പെടെ 79 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. സ്ഥാപനങ്ങളിൽ നിന്ന് മുൻ വർഷങ്ങളിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതിൽ നിന്നും കൂടുതൽ നികുതി വെട്ടിപ്പ് പുറത്തു വരുമെന്ന് കണക്കാക്കുന്നു.

സംസ്ഥാന വ്യാപകമായി ഒരേസമയം നടപ്പാക്കിയ ഈ ഓപ്പറേഷനുവേണ്ടി ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ ഏതാനും മാസങ്ങളായി വിപുലമായ ആസൂത്രണവും രഹസ്യ വിവരശേഖരണവും ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തിവരികയായിരുന്നു.
പൊതുജനങ്ങൾ രജിസ്റ്റേർഡ് വ്യാപാരികളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ നൽകുന്ന തുകയിൽ സ്വർണത്തിന്റെ വിലയോടൊപ്പം ജി.എസ്.ടി തുക കൂടി ഉൾപ്പെടുന്നുണ്ട്.

ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഈ നികുതിപ്പണം കൃത്യമായി സർക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്താൻ വ്യാപാരികളിൽ നിന്ന് കൃത്യമായ ബിൽ ചോദിച്ചു വാങ്ങേണ്ടത് ഓരോ പൗരന്റെയും കടമയാണ്. നാടിന്റെ വികസന പദ്ധതികൾക്കും വിവിധ ജനക്ഷേമ കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്ന തുകയുടെ പ്രധാന സ്രോതസ്സ് ഈ നികുതി വരുമാനമാണ്. അതിനാൽ, പൊതുജനങ്ങൾ നൽകുന്ന നികുതിപ്പണം ചോർന്നുപോകാതെ സർക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാൻ സാധനങ്ങളോ, സേവനങ്ങളോ വാങ്ങുമ്പോൾ നിർബന്ധമായും കൃത്യമായ ബിൽ ചോദിച്ചു വാങ്ങണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അഭ്യർഥിച്ചു.
നികുതി വെട്ടിപ്പ് നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൻറെ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments