മുംബൈ: കുട്ടികൾക്കിടയിൽ ജങ്ക് ഫുഡിന്റെ അമിത ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, സ്കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ജങ്ക് ഫുഡ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ നിന്ന് 50 മീറ്റർ ചുറ്റളവിൽ വട പാവ്, സമോസ, ചിപ്സ്, ചോക്ലേറ്റ്, പഞ്ചസാര കൂടുതലുള്ള ശീതളപാനീയങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തിൽപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നിരോധിക്കുന്നതിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ചെറുപ്രായത്തിൽ തന്നെ തടയുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. സ്കൂൾ പരിസരങ്ങളിൽ അനാരോഗ്യകരമായ ഭക്ഷണങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സർക്കാർ മാർഗനിർദേശപ്രകാരം സ്കൂൾ കാന്റീനുകളിലും ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രമേ ലഭ്യമാക്കാവൂ. പഴങ്ങൾ, പച്ചക്കറി വിഭവങ്ങൾ, മുളപ്പിച്ച ധാന്യങ്ങൾ, പാൽ, തൈര് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും നിർദേശമുണ്ട്.
നിയമം ലംഘിച്ച് സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡ് വിൽക്കുന്ന കടകൾക്കും തെരുവ് കച്ചവടക്കാർക്കും എതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും നടപടി സ്വീകരിക്കും. സ്കൂൾ അധികൃതർ, രക്ഷിതാക്കൾ, വ്യാപാരികൾ എന്നിവർക്ക് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള ഈ നീക്കം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.



