Wednesday, September 2, 2026
HomeKERALAമോഹൻലാലിന് ഓസ്‌ട്രേലിയൻ വിസ വൈകി: സിഡ്‌നി സ്റ്റേജ് ഷോ മാറ്റിവച്ചു

മോഹൻലാലിന് ഓസ്‌ട്രേലിയൻ വിസ വൈകി: സിഡ്‌നി സ്റ്റേജ് ഷോ മാറ്റിവച്ചു

വിസ നിഷേധിച്ചതല്ല , നടപടിക്രമങ്ങൾ വൈകിയതാണെന്ന് ഷോയുടെ സംഘാടകർ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പങ്കെടുക്കേണ്ടിയിരുന്ന സിഡ്‌നിയിലെ ‘വൈകിട്ട് എന്താ പരിപാടി’ സ്റ്റേജ് ഷോ വിസ ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവച്ചു. ഓഗസ്റ്റ് 8ന് സിഡ്‌നിയിലെ നോർവെസ്റ്റ് കൺവൻഷൻ സെന്ററിൽ നടത്താനിരുന്ന പരിപാടിയാണ് പ്രതിസന്ധിയിലായത്.

എന്നാൽ മോഹൻലാലിന് ഓസ്‌ട്രേലിയൻ വിസ നിരസിച്ചുവെന്ന പ്രചാരണം കൃത്യമല്ലെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. വിസ അപേക്ഷ നിരസിക്കപ്പെട്ടതല്ലെന്നും നടപടിക്രമം വൈകിയതിനാൽ സമയത്ത് വിസ ലഭിക്കാതെ പോയതാണെന്നും ‘Kayal Events’ അറിയിച്ചു. അതോടെ മോഹൻലാൽ സിംഗപ്പൂരിൽ തന്നെ തുടരുകയായിരുന്നു. അതേസമയം പരിപാടിയിലെ മറ്റ് കലാകാരന്മാരും സംഘാംഗങ്ങളും ഓസ്‌ട്രേലിയയിലെത്തിയിരുന്നു.

വിസ വൈകാനുള്ള കൃത്യമായ കാരണം അധികൃതരോ സംഘാടകരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ രേഖകളിലെ പിഴവ്, അധിക പരിശോധന തുടങ്ങിയ കാരണങ്ങളാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഓസ്‌ട്രേലിയയിൽ വിനോദ പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് പ്രത്യേക വിസാ വിഭാഗം ആവശ്യമായി വരാം. ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം പ്രകടനക്കാരും വിനോദമേഖലയിൽ പ്രവർത്തിക്കുന്നവരും Temporary Activity visa (subclass 408) പോലുള്ള വിഭാഗങ്ങൾക്ക് അർഹരായേക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്.

വിസ വൈകിയതിൽ ആരാധകരോടും സംഘാടകരോടും മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെ ക്ഷമ ചോദിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു വിസാ സാഹചര്യം നേരിടുന്നതെന്നും എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടി മറ്റൊരു തീയതിയിൽ നടത്തുമെന്നും, അതേ സംഘത്തോടൊപ്പം സിഡ്‌നിയിലെത്തി ആരാധകർക്കായി പരിപാടി അവതരിപ്പിക്കുമെന്നും മോഹൻലാൽ ഉറപ്പുനൽകി.

ഷോയുടെ പുതിയ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും. നിലവിൽ വാങ്ങിയ ടിക്കറ്റുകൾ പുതിയ പരിപാടിക്കും സാധുവായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments