ന്യൂഡൽഹി: മഹാരാഷ്ട്രയെ നടുക്കിയ 88 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ റാത്തോഡിന്റെ ഭാര്യ വിശാഖ റാത്തോഡിനെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ഇന്ത്യൻ അന്വേഷണ ഏജൻസികൾ തിരയുന്ന പ്രതിയായിരുന്ന വിശാഖയ്ക്കെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടീസും നിലവിലുണ്ടായിരുന്നു.
ഓഗസ്റ്റ് 3-നാണ് യുഎഇ അധികൃതർ വിശാഖ റാത്തോഡിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ, വിദേശകാര്യ മന്ത്രാലയം (MEA), ആഭ്യന്തര മന്ത്രാലയം (MHA) എന്നിവയുടെ ഏകോപിത നീക്കത്തെ തുടർന്നാണ് നടപടി. പൂനെയിൽ എത്തിയ വിശാഖയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിന് ഏകദേശം രണ്ടാഴ്ച മുൻപ് ഇതേ കേസിലെ മുഖ്യസൂത്രധാരനെയും ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഭാര്യയെയും തിരികെ എത്തിച്ചതോടെ കേസിലെ അന്വേഷണം കൂടുതൽ ശക്തമായത്.
നിക്ഷേപകർക്ക് എല്ലാ മാസവും ഉറപ്പായ ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനം നൽകി വിവിധ നിക്ഷേപ പദ്ധതികളിലേക്ക് ആളുകളെ ആകർഷിച്ചാണ് പ്രതികൾ 88 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ തട്ടിപ്പിൽ വിശാഖ റാത്തോഡിനും നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, പണം വിദേശത്തേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ, മറ്റ് പ്രതികളുമായുള്ള ബന്ധം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം പുരോഗമിക്കുക. കേസിലെ കൂടുതൽ പ്രതികളെയും സ്വത്തുക്കളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.o



