തിരുവനന്തപുരം/കൊച്ചി: കേരളതീരത്ത് വ്യത്യസ്ത അപകടങ്ങളിൽപ്പെട്ട് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ നാവികസേന. തെരച്ചിലിന്റെ പത്താം ദിവസമായ ഞായറാഴ്ച നാവികസേന പ്രത്യേക ഡൈവിങ് സംഘത്തെയും വെള്ളത്തിനടിയിലെ വസ്തുക്കൾ കണ്ടെത്താൻ സഹായിക്കുന്ന പോർട്ടബിൾ സോണാർ സംവിധാനത്തെയും രംഗത്തിറക്കി.
നീണ്ടകര, മുതലപ്പൊഴി, വിഴിഞ്ഞം തീരങ്ങളിൽ ജൂലൈ 31ന് ഉണ്ടായ വ്യത്യസ്ത ബോട്ടപകടങ്ങളിലാണ് ഗൗതം കൃഷ്ണ (26), ഷിജിൻ (32), ജോൺ മത്തിയാസ് (54) എന്നിവരെ കാണാതായത്. വിവിധ സേനാ-വകുപ്പ് ഏജൻസികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി തെരച്ചിൽ തുടരുന്നതിനിടെയാണ് നാവികസേന കൂടി ദൗത്യത്തിൽ നേരിട്ട് പങ്കാളിയായത്.
കൊച്ചിയിൽ നിന്ന് ഐഎൻഎസ് കൽപ്പേനി ശനിയാഴ്ച രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെ നീണ്ടകരയ്ക്ക് സമീപം നിലയുറപ്പിച്ചു. തുടർന്ന് നാവികസേനയുടെ ഡൈവർമാർ വെള്ളത്തിനടിയിൽ തെരച്ചിൽ നടത്തി. മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സഹായത്തോടെ ഡൈവിങ് നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്തുകയും പോർട്ടബിൾ സോണാർ ഉപയോഗിച്ച് കടലിനടിയിലെ മേഖലകൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു.
ആദ്യം ഗൗതം കൃഷ്ണയ്ക്കായാണ് നീണ്ടകരയിൽ തെരച്ചിൽ നടത്തിയത്. ബോട്ട് മറിഞ്ഞ സ്ഥലത്തിന് ചുറ്റുമുള്ള കടൽമേഖലയിൽ ബോട്ടുകൾ ഉപയോഗിച്ചും ആങ്കർ ഡ്രാഗിങ് നടത്തിയും തെരച്ചിൽ നടത്തി. സമീപത്തെ കായൽ പ്രദേശങ്ങളിലും പരിശോധന നടന്നു. ഡ്രോണുകൾ ഉപയോഗിച്ച് ബ്രേക്ക്‌വാട്ടർ ഭാഗങ്ങളും വാർഫും നിരീക്ഷിച്ചു. വൈകിട്ട് നാലോടെ ഈ ഘട്ടത്തിലെ തെരച്ചിൽ അവസാനിപ്പിച്ചു.
തുടർന്ന് നാവികസേനയുടെ സംഘം മുതലപ്പൊഴിയിലേക്ക് നീങ്ങി ഷിജിനായുള്ള തെരച്ചിലിൽ പങ്കാളിയായി. മോശം കാലാവസ്ഥയെ തുടർന്ന് ചില ഘട്ടങ്ങളിൽ ഡൈവിങ് ഉൾപ്പെടെയുള്ള തെരച്ചിൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററും ആകാശനിരീക്ഷണം നടത്തി.
ജോൺ മത്തിയാസിനായുള്ള തെരച്ചിൽ വിഴിഞ്ഞം–കന്യാകുമാരി മേഖലയിലേക്കും വ്യാപിപ്പിച്ചു. കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം ഡോർണിയർ വിമാനവും തെരച്ചിൽ നടത്തി. മുട്ടം, ഇനയം, തൂത്തൂർ–തേങ്ങാപ്പട്ടണം മേഖലകളിലും മത്സ്യബന്ധന വകുപ്പിന്റെ രക്ഷാബോട്ടുകൾ പരിശോധന നടത്തി. കുടുംബത്തിന്റെ ആവശ്യപ്രകാരം രാമേശ്വരം–രാമനാഥപുരം മേഖലയിലും ആകാശനിരീക്ഷണം നടത്തുന്നതിനുള്ള സാധ്യത അധികൃതർ പരിഗണിച്ചു.
മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ തെരച്ചിൽ വൈകുന്നതിനെതിരെ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ദൗത്യം കൂടുതൽ ശക്തമാക്കിയത്. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേന ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ സംയുക്തമായി തെരച്ചിൽ തുടരുകയാണ്. പ്രതിരോധ വക്താവിന്റെ വിവരമനുസരിച്ച് തിങ്കളാഴ്ചയും തെരച്ചിൽ തുടരും.



