Wednesday, September 2, 2026
HomeKERALAമുഖ്യമന്ത്രി വി. ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ കൂടിക്കാഴ്ച...

മുഖ്യമന്ത്രി വി. ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി

യു.എസിലെ പ്രവാസി മലയാളികൾക്കും മറ്റ് നിക്ഷേപകർക്കും കേരളത്തിലെ അവസരങ്ങളെ കുറിച്ച് അറിയുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി അമേരിക്കയിൽ ഒരു ‘ഇൻവെസ്റ്റ് ഡെസ്‌ക്’സ്ഥാപിക്കും 
തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, തുറമുഖ അധിഷ്ഠിത വികസനം എന്നിവയിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് കേരളത്തിൽ വലിയ സാദ്ധ്യത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

കൊച്ചി:മുഖ്യമന്ത്രി വി. ഡി. സതീശനും ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവരോടൊപ്പം ഉണ്ടായിരുന്നു. ​ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്‌കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

കേരളത്തിലെയും അമേരിക്കയിലെയും സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർത്ഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തത്തിൻ്റെ സാധ്യതകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാംസ്കാരിക മേഖലയിലും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലുമുള്ള അവസരങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

​തന്റെ ആദ്യ കേരള സന്ദർശനമാണിതെന്ന് പറഞ്ഞ യു.എസ് സ്ഥാനപതി കേരളത്തിൻ്റെ പ്രകൃതിസൗന്ദര്യത്തെ കുറിച്ചും സാംസ്കാരിക പാരമ്പര്യത്തെ കുറിച്ചും അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള വളർച്ചയെകുറിച്ചും വാചാലനായി. ആരോഗ്യക്ഷേമം, ആയുർവേദ ടൂറിസം എന്നീ മേഖലകളിലെ കേരളത്തിന്റെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ കഴിയും. സാംസ്കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങൾ തമ്മിലുള്ള പരസ്പരബന്ധം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോർത്തിണക്കിക്കൊണ്ട് ‘സിസ്റ്റർ സിറ്റീസ്’ മാതൃകയിലുള്ള പങ്കാളിത്ത സാധ്യതകൾ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, തുറമുഖ അധിഷ്ഠിത വികസനം എന്നിവയിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളാണുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ നിക്ഷേപാവസരങ്ങളും ഇരുവരും ചർച്ച ചെയ്തു.

​അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കുന്നതിനും പൂർണ്ണ പിന്തുണ നൽകുമെന്ന് അറിയിച്ച അമേരിക്കൻ സ്ഥാനപതി ഇത്തരം സംരംഭങ്ങൾ കേരളവുമായുള്ള സാമ്പത്തിക സഹകരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​അമേരിക്കയിലെ മലയാളി സമൂഹവുമായും മറ്റ് വ്യവസായ ശൃംഖലകളുമായും ഉള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി, യു.എസിലെ പ്രവാസി മലയാളികൾക്കും മറ്റ് നിക്ഷേപകർക്കും കേരളത്തിലെ അവസരങ്ങളെ കുറിച്ച് അറിയുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി അമേരിക്കയിൽ ഒരു ‘ഇൻവെസ്റ്റ് ഡെസ്‌ക്’ ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

​കേരളവും അമേരിക്കയും തമ്മിൽ ഇരുവരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പങ്കാളിത്തം തുടരുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്നും ഇരുപക്ഷവും പറഞ്ഞു

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments