ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ ക്ലസ്റ്റർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചർ ഒരുക്കാനുള്ള മെഗാ ഓർഡർ സ്വന്തമാക്കി ലാർസൻ ആൻഡ് ടൂബ്രോ (L&T). യുഎസ് ആസ്ഥാനമായ AI ക്ലൗഡ് കമ്പനിയായ Together AIക്കായി ചെന്നൈയിലെ L&T ഡാറ്റ സെന്റർ ക്യാംപസിലാണ് പദ്ധതി നടപ്പാക്കുന്നത്. 10,000 NVIDIA B300 GPU-കൾ വിന്യസിച്ചാകും AI അടിസ്ഥാന സൗകര്യം ഒരുക്കുക.
₹10,000 കോടി മുതൽ ₹15,000 കോടി വരെയാണ് ഓർഡറിന്റെ മൂല്യം. L&Tയുടെ AI Factory ബിസിനസ് മേഖലയിലേക്കുള്ള പ്രവേശനം കൂടിയാണ് പുതിയ പദ്ധതി. AI പരിശീലനം, ഇൻഫറൻസ്, ഫൈൻ ട്യൂണിങ് തുടങ്ങിയ വലിയ തോതിലുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ കംപ്യൂട്ടിങ് ശേഷി ഈ കേന്ദ്രത്തിലൂടെ ലഭ്യമാകും.
Together AIയുടെ AI-നേറ്റീവ് ക്ലൗഡ് പ്ലാറ്റ്‌ഫോമിനായാണ് അടിസ്ഥാന സൗകര്യം പ്രധാനമായും ഉപയോഗിക്കുക. വൻതോതിലുള്ള AI മോഡലുകളുടെ പരിശീലനവും പ്രവർത്തനവും വേഗത്തിലാക്കുന്നതിനായി NVIDIAയുടെ ഏറ്റവും പുതിയ തലമുറ GPUകളിലൊന്നായ B300 ആണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്.
AI സേവനങ്ങളുടെ ആവശ്യകത ആഗോളതലത്തിൽ അതിവേഗം ഉയരുന്ന സാഹചര്യത്തിലാണ് L&Tയുടെ പുതിയ നീക്കം. പരമ്പരാഗത എൻജിനീയറിങ്, നിർമാണ മേഖലകൾക്കപ്പുറം ഡാറ്റ സെന്ററുകളും AI അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയാണ് കമ്പനി.
ചെന്നൈയിൽ സ്ഥാപിക്കുന്ന AI ഇൻഫ്രാസ്ട്രക്ചർ ക്ലസ്റ്റർ ഇന്ത്യയിലെ AI കംപ്യൂട്ടിങ് ശേഷി വർധിപ്പിക്കുന്നതിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് AI മോഡലുകളുടെ പരിശീലനത്തിനും റിയൽ-ടൈം ഇൻഫറൻസിനും ആവശ്യമായ അതിവേഗ കംപ്യൂട്ടിങ് സൗകര്യങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
ഇന്ത്യയിൽ AI ഡാറ്റ സെന്റർ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത ഉയരുന്നതിനിടെയാണ് ഇത്രയും വലിയ നിക്ഷേപം വരുന്ന പദ്ധതി. L&Tയുടെ AI Factory ബിസിനസിന്റെ തുടക്കമെന്ന നിലയിൽ പുതിയ ഓർഡർ കമ്പനിയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വളർച്ചയ്ക്കും വലിയ ചുവടുവയ്പ്പാണ്



