Wednesday, September 2, 2026
HomeKERALAലോക മലയാളി കൂട്ടായ്മയുടെ സംഗമവേദിയായി കൊച്ചി: WMC ഗ്ലോബൽ മീറ്റ് ഇന്ന്, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം...

ലോക മലയാളി കൂട്ടായ്മയുടെ സംഗമവേദിയായി കൊച്ചി: WMC ഗ്ലോബൽ മീറ്റ് ഇന്ന്, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികളെ ഒരുമിപ്പിച്ച് വേൾഡ് മലയാളി കൗൺസിലിന്റെ (WMC) ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 22ന് കൊച്ചിയിൽ നടക്കും. റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന സമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള WMC നേതാക്കളും പ്രതിനിധികളും പ്രവാസി സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.

പ്രവാസി മലയാളികളുടെ ആഗോള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക, സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക, പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുക, വിവിധ രാജ്യങ്ങളിലെ WMC നേതൃത്വങ്ങളെ ഒരേ വേദിയിലെത്തിക്കുക എന്നിവയാണ് ഗ്ലോബൽ മീറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ മാതൃനാടുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്നതിനുള്ള ആശയങ്ങളും പദ്ധതികളും സമ്മേളനത്തിൽ ചർച്ചയാകും.

സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് നാലിന് ബിസിനസ് റൗണ്ട് ടേബിൾ നടക്കും. സുധീർ സുബ്രഹ്മണ്യം, അരുൺ ജോർജ്, രാജു തേവർമാടം, അഡ്വ. ചന്ദ്രശേഖർ, അൻവർ ജ്വല്ലറി പ്രതിനിധി, ലെജൻഡ് ഫൗണ്ടേഷൻ പ്രതിനിധി രാഹുൽ തുടങ്ങിയവർ പങ്കെടുക്കും. പ്രവാസി സംരംഭകരുടെ അനുഭവങ്ങളും പുതിയ ബിസിനസ് സാധ്യതകളും ചർച്ച ചെയ്യുന്നതാകും റൗണ്ട് ടേബിളിന്റെ പ്രധാന ലക്ഷ്യം.

പ്രാർത്ഥനയോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമാകുക. എം.സി. ഷാൽമ WMCയെ പരിചയപ്പെടുത്തും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കൽ ചെയർമാൻ സന്ദേശം നൽകും. ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു സ്വാഗതം ആശംസിക്കുകയും ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്യും. ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ടി.പി. വിജയൻ, ഗ്ലോബൽ ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിനിസ്ട്രേഷൻ ജെയിംസ് കൂടൽ, ഇന്ത്യ റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് തങ്കമണി ദിവാകരൻ, മിഡിൽ ഈസ്റ്റ് റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്വ. തോമസ് പണിക്കർ, ഫാർ ഈസ്റ്റ് റീജിയൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് അജോയ് കല്ലനാകുന്നേൽ എന്നിവർ പ്രസംഗിക്കും.

ഹോസ്റ്റ് റീജിയൻ ഇന്ത്യ റീജിയൻ പ്രസിഡന്റ് പദ്മകുമാർ, അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽ, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുധീർ സുബ്രഹ്മണ്യം, ഫാർ ഈസ്റ്റ് റീജിയൻ ചെയർമാൻ സജിത് ഗിരിജൻ എന്നിവരും ആശംസകൾ അർപ്പിക്കും. തുടർന്ന് ദീപപ്രജ്വലന ചടങ്ങിനുശേഷമാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യുക.

നഴ്സിംഗ് വിദ്യാർഥികൾക്ക് കൈത്താങ്ങായി ഒരു കോടി രൂപയുടെ പദ്ധതി

ഗ്ലോബൽ മീറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് WMC ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ട വിതരണമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഴ്സിംഗ് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതിയാണ് WMC നടപ്പാക്കുന്നത്. ആകെ 100 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് 25 വിദ്യാർഥികൾക്ക് 25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. കൊച്ചിയിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ 25 വിദ്യാർഥികൾക്ക് കൂടി 25 ലക്ഷം രൂപ നൽകും. ശേഷിക്കുന്ന 50 വിദ്യാർഥികൾക്കുള്ള സഹായം തൃശ്ശൂരിലും കോഴിക്കോട്ടുമായി തുടർഘട്ടങ്ങളിൽ വിതരണം ചെയ്യാനാണ് തീരുമാനം.

സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു വിശദീകരിക്കും. തുടർന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ സ്കോളർഷിപ്പ് വിതരണം നിർവഹിക്കും. പ്രവാസി സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ശ്രദ്ധേയമാകുന്ന പദ്ധതിയായാണ് WMC ഇതിനെ അവതരിപ്പിക്കുന്നത്.

പുസ്തക പ്രകാശനവും സാംസ്കാരിക പരിപാടികളും

WMC മലബാർ പ്രോവിൻസ് പ്രസിഡന്റ് നൗഷാദ് അരിക്കോട് രചിച്ച പുസ്തകത്തിന്റെ പ്രകാശനവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പുസ്തകം ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യുവിന് കൈമാറി പ്രകാശനം നിർവഹിക്കും.

പരിപാടി കമ്മിറ്റി കൺവീനർ സുരേന്ദ്രൻ ഐ.പി.എസ്. (റിട്ട. ഡി.ഐ.ജി.) നന്ദി പറയും. തുടർന്ന് സംഗീത പരിപാടികളും രാത്രി ഡിന്നറും ഉണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന മലയാളി പ്രതിനിധികൾ തമ്മിലുള്ള ആശയവിനിമയത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്ക് പുതിയ രൂപം നൽകുന്നതിനുമുള്ള അവസരമായും ഗ്ലോബൽ മീറ്റ് മാറും.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ സംഘടനാ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാഭ്യാസം, സാമൂഹിക സേവനം, ബിസിനസ്, വികസനം തുടങ്ങിയ മേഖലകളിൽ പുതിയ സംരംഭങ്ങൾക്ക് വഴിതുറക്കുകയാണ് സമ്മേളനത്തിലൂടെ WMC ലക്ഷ്യമിടുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments