Wednesday, September 2, 2026
HomeGrama Varthaഎറണാകുളം ജില്ലയിൽ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം: ജില്ലാ വികസന സമിതി യോഗം

എറണാകുളം ജില്ലയിൽ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം: ജില്ലാ വികസന സമിതി യോഗം

ദ്രുത പ്രതികരണ സംഘം രൂപീകരിക്കും

എറണാകുളം ജില്ലയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണമെന്ന് ജില്ലാ വികസന സമിതി യോഗം. റേഡുകളിൽ കുഴികൾ രൂപപ്പെടുന്നത്, തെരുവു വിളക്കുകൾ, ബാരിക്കേഡുകൾ, റിഫ്ലക്ടറുകൾ എന്നിവയുടെ അഭാവം, ഗതാഗത നിയന്ത്രണത്തിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരം കാണുന്നതിന് ദ്രുത പ്രതികരണ സംഘം രൂപീകരിക്കാൻ ജില്ലാ കളക്ടർ ജി പ്രിയങ്ക യോഗത്തിൽ നിർദ്ദേശം നൽകി

മൂത്തകുന്നം ജംഗ്ഷനിൽ എൻ എച്ചിലെ എൻട്രി  എക്സിറ്റ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. കെ പി കമലാക്ഷൻ റോഡ് മുതൽ തുരുത്തിപ്പുറം വരെയുള്ള സർവീസ് റോഡിലെ എൻ എച്ചിൻ്റെ നിർമാണപ്രശ്നങ്ങൾ കാരണം പൊതുജനങ്ങൾക്ക് റോഡിലൂടെ നടക്കാൻ സാധിക്കാത്ത പ്രശ്നവും പ്രതിനിധി യോഗത്തിൽ ഉന്നയിച്ചു.
കൊച്ചി താലൂക്ക് ആശുപത്രി കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്നും തെക്കേ ചെല്ലാനത്ത് 14, 15 വാർഡുകളിൽ വെള്ളം കയറുന്ന പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും മുഹമ്മദ് ഷിയാസ് എം എൽ എ ആവശ്യപ്പെട്ടു. ഫോർട്ട് കൊച്ചി ഭാഗത്തെ അനധികൃത കടകൾ, കയ്യേറ്റങ്ങൾ മാലിന്യ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫോർട്ട് കൊച്ചി സബ് കളക്ടറെ സ്‌പെഷ്യൽ ഓഫീസറാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂറിൻ്റെ പ്രതിനിധി കളമശേരി കണ്ടെയ്നർ റോഡിലെ സിഗ്‌നലുകളുടെ വാർഷിക പരിപാലന കരാർ ( എ എം സി ) കഴിഞ്ഞതായി യോഗത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. പരിഹാരം കാണുന്നതിന് ജില്ലാ കളക്ടർ കളമശേരി നഗരസഭയെ ചുമതലപ്പെടുത്തി.
അങ്കമാലി – കാലടി ഭാഗത്ത് എൻ എച്ച് 544 ൽ കുഴികൾ രൂപപ്പെടുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും മലയാറ്റൂർ, മുക്കന്നൂർ, അയ്യമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ കാടിനോട് ചേർന്നുള്ള തോട്ടങ്ങൾ കൃത്യമായ പരിപാലനമില്ലാതെ കാടുപിടക്കുന്നതിനാൽ ഇവിടെ വന്യമൃഗ ശല്യത്തിന് കാരണമാകുന്നത് പരിസരത്തുള്ള വീടുകൾക്ക് ഭീഷണിയാകുന്നുവെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിൻ്റെ പ്രതിനിധി യോഗത്തിൽ ചൂണ്ടിക്കാട്ടി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ജ്യോതിമോൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments