ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന അജണ്ട വീണ്ടും സജീവമാക്കി ബിജെപി. 2029ലെ ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്താനുള്ള സാധ്യതയാണ് നേതൃത്വം പരിശോധിക്കുന്നത്.
നിലവിലെ നിർദേശപ്രകാരം ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിയമനിർമാണം പുരോഗമിക്കുകയാണ്. എന്നാൽ ബിൽ പാർലമെന്റിൽ പാസാകുന്നതിൽ കാലതാമസമുണ്ടായാൽ, എൻഡിഎ സംസ്ഥാനങ്ങളിലെ നിയമസഭകൾ നേരത്തെ പിരിച്ചുവിട്ട് 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താനുള്ള സാധ്യതയും ചർച്ചയിലുണ്ട്.
ചില സംസ്ഥാനങ്ങളിൽ നിയമസഭകളുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. നിലവിൽ ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, ഒഡിഷ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.
ലോകസഭയിലും നിയമസഭകളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനായി കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്.
തുടർച്ചയായ തിരഞ്ഞെടുപ്പുകളുടെ ചെലവ് കുറയ്ക്കുക, ഭരണപ്രവർത്തനങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനുകൂലിക്കുന്ന ബിജെപിയുടെ പ്രധാന വാദങ്ങൾ. എന്നാൽ സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുന്നത് ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ തത്വങ്ങളെയും ബാധിക്കുമെന്ന് പ്രതിപക്ഷം വിമർശിക്കുന്നു.
2029ലെ ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്താനുള്ള നീക്കം വിജയിച്ചാൽ, രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വലിയ മാറ്റത്തിനാകും അത് വഴിതുറക്കുക.



