Wednesday, September 2, 2026
HomeINDIA“സ്ത്രീകൾക്ക് ‘സൂപ്പർ’ ആശ്വാസം: വർഷം 3 സൗജന്യ പാചകവാതക സിലിണ്ടർ, പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച്...

“സ്ത്രീകൾക്ക് ‘സൂപ്പർ’ ആശ്വാസം: വർഷം 3 സൗജന്യ പാചകവാതക സിലിണ്ടർ, പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് വിജയ്”

ചെന്നൈ: തമിഴ്നാട്ടിൽ വൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചതിനൊപ്പം ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി നിർദേശിച്ചിരുന്ന പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനും സർക്കാർ തീരുമാനിച്ചു. നിയമസഭയിൽ ചട്ടം 110 പ്രകാരമാണ് മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയത്.

‘അന്നപൂർണി സൂപ്പർ 6’ പദ്ധതിയുടെ ഭാഗമായാണ് അർഹരായ കുടുംബങ്ങൾക്ക് മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്നത്. 2027 ജനുവരിയിൽ പൊങ്കൽ കാലയളവിൽ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സിലിണ്ടർ ഉപഭോക്താക്കൾ പതിവുപോലെ ബുക്ക് ചെയ്ത് വാങ്ങിയ ശേഷം എണ്ണക്കമ്പനികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിന്റെ തുക സർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചുനൽകുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിക്കായി ഏകദേശം 4,000 കോടി രൂപയുടെ വാർഷിക ചെലവാണ് കണക്കാക്കുന്നത്.

ഇതോടൊപ്പം സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയും വിപുലീകരിക്കുമെന്ന് വിജയ് അറിയിച്ചു. നിലവിൽ നഗര, പട്ടണ മേഖലകളിലെ സാധാരണ, മലനാട് ബസുകളിൽ മാത്രമായി പരിമിതമായിരുന്ന ആനുകൂല്യം കൂടുതൽ വിഭാഗം ബസുകളിലേക്ക് വ്യാപിപ്പിക്കും. എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് തുടങ്ങിയ സർവീസുകളിലും അർഹരായ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. പുതിയ ‘വെട്രി പയണം’ പദ്ധതി ഒക്ടോബർ 2 മുതൽ നടപ്പാക്കാനാണ് തീരുമാനം. സ്ത്രീകൾക്ക് പുറമെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഏറെക്കാലമായി പരിഗണിച്ചിരുന്ന പരന്തൂർ പദ്ധതിയാണ് സർക്കാർ ഉപേക്ഷിച്ചത്. പദ്ധതി നടപ്പാക്കുന്നത് കൃഷിഭൂമിയെയും പ്രദേശവാസികളുടെ ഉപജീവനത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കകൾ നിലനിന്നിരുന്നു. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പരന്തൂരിലും സമീപ ഗ്രാമങ്ങളിലും കർഷകരും നാട്ടുകാരും വർഷങ്ങളായി പ്രതിഷേധിച്ചിരുന്നു.

ചെന്നൈയ്ക്ക് രണ്ടാമത്തെ വിമാനത്താവളം ആവശ്യമില്ലെന്ന നിലപാടല്ല സർക്കാരിനുള്ളതെന്ന് വിജയ് വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും വ്യവസായ വളർച്ചയും ചരക്ക് നീക്കത്തിലെ വർധനയും കണക്കിലെടുത്ത് പുതിയ വിമാനത്താവളം അനിവാര്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ കൃഷിഭൂമിക്കും ജനവാസ മേഖലകൾക്കും പരമാവധി കുറവ് ആഘാതമുണ്ടാകുന്ന പുതിയ സ്ഥലം കണ്ടെത്തിയാകും പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പുതിയ സ്ഥലത്തിനായി സാങ്കേതിക സാധ്യതാ പഠനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ നടത്തും. അതേസമയം നിലവിലെ ചെന്നൈ വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കാനുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിലെ വിമാനത്താവളത്തിന് പ്രതിവർഷം ഏകദേശം മൂന്ന് കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നും അഞ്ചാമത്തെ ടെർമിനൽ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പരിഗണനയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിജയ് സർക്കാർ പ്രഖ്യാപിച്ച പ്രധാന നടപടികളായാണ് സൗജന്യ എൽപിജി സിലിണ്ടർ, സ്ത്രീകൾക്കുള്ള വിപുലീകരിച്ച സൗജന്യ ബസ് യാത്ര, പരന്തൂർ വിമാനത്താവളം ഉപേക്ഷിക്കൽ എന്നിവ വിലയിരുത്തപ്പെടുന്നത്. ഗാർഹിക ചെലവ് കുറയ്ക്കുന്നതിനൊപ്പം സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കാനും വികസന പദ്ധതികളിൽ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാനുമാണ് പുതിയ പ്രഖ്യാപനങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments