Wednesday, September 2, 2026
HomeINDIAവാഗ്ദാനം പാലിച്ചില്ലെന്ന് ആരോപണം:CJP വീണ്ടും സമരമുഖത്ത്, സെപ്റ്റംബർ 5ന് ഡൽഹിയിൽ മാർച്ച്

വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപണം:CJP വീണ്ടും സമരമുഖത്ത്, സെപ്റ്റംബർ 5ന് ഡൽഹിയിൽ മാർച്ച്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) രണ്ടാംഘട്ട സമരത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 5ന് ഡൽഹിയിൽ സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തുമെന്ന് CJP ദേശീയ പ്രവർത്തക സമിതി അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് നീങ്ങുക.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരത്തെ ജന്തർ മന്തറിൽ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനായി ജൂലൈ 25ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കിയില്ലെന്നാണ് CJPയുടെ പ്രധാന ആരോപണം. പ്രത്യേകിച്ച് വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുന്നതിലും നടപടി വൈകുന്നതിലും സംഘടന പ്രതിഷേധം രേഖപ്പെടുത്തി.

മരണപ്പെട്ട നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങളും ജന്തർ മന്തറിലെ സമരത്തിനിടെ പൊലീസ് അതിക്രമത്തിന് ഇരയായവരും സെപ്റ്റംബർ 5ലെ മാർച്ചിന് നേതൃത്വം നൽകുമെന്ന് CJP വ്യക്തമാക്കി. വിദ്യാർഥികൾ, യുവജന സംഘടനകൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ എന്നിവർ മാർച്ചിൽ അണിനിരക്കണമെന്നാണ് സംഘടനയുടെ ആഹ്വാനം.

ജൂലൈയിൽ നീണ്ടുനിന്ന പ്രതിഷേധത്തെ തുടർന്നാണ് CJP സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. അന്ന് പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കുക, നീറ്റ് വിഷയത്തെ തുടർന്ന് ജീവൻ നഷ്ടമായ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ ഉറപ്പ് നൽകിയതായി CJP അവകാശപ്പെട്ടിരുന്നു. ഉറപ്പുകൾ നടപ്പാക്കുമെന്ന് വിശ്വസിച്ചാണ് അന്ന് സമരം പിൻവലിച്ചതെന്നും സംഘടന പറയുന്നു.

എന്നാൽ ഒരുമാസത്തോളം പിന്നിട്ടിട്ടും ഉറപ്പുകൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വ്യക്തമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് CJPയുടെ ആരോപണം. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിപ്പിക്കുകയും വ്യക്തമായ മറുപടി നൽകാതിരിക്കുകയും ചെയ്യുകയാണെന്നും സംഘടന കുറ്റപ്പെടുത്തി. ഇതോടെയാണ് വീണ്ടും തെരുവിലിറങ്ങാനുള്ള തീരുമാനം.

വിദ്യാർഥികളോടും യുവാക്കളോടും സർക്കാർ നൽകിയ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബർ 5ലെ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് CJP അറിയിച്ചു. സമരം സമാധാനപരമായിരിക്കുമെന്നും സംഘടന വ്യക്തമാക്കി. വരും ദിവസങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥി-യുവജന സംഘടനകളുടെ പങ്കാളിത്തം കൂടുതൽ വ്യക്തമാകുമെന്നാണ് സൂചന.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ, വിദ്യാർഥി പ്രതിഷേധങ്ങൾ, പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങൾ വീണ്ടും ദേശീയ രാഷ്ട്രീയ ചർച്ചയിലേക്ക് എത്തിക്കാനും സെപ്റ്റംബർ 5ലെ മാർച്ചിലൂടെ CJP ലക്ഷ്യമിടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments