കുടുങ്ങിയവരിൽ 33 അംഗ മലയാളി സംഘവും കാണാതാവരിൽ 37 പ്രവാസി ഇന്ത്യക്കാരും ഉൾപ്പെട്ടതായി വിവരം.
കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റ് അതിർത്തിയോട് ചേർന്ന റാസുവ ജില്ലയിൽ ബുധനാഴ്ചയുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ വ്യാപക നാശനഷ്ടം. ഭോട്ടെ കോശി നദിയിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പാച്ചിലിൽ വീടുകളും റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. നിരവധി പേർ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തു. മരണസംഖ്യ സംബന്ധിച്ച് വിവിധ സമയങ്ങളിലെ റിപ്പോർട്ടുകളിൽ വ്യത്യാസമുണ്ടെങ്കിലും 17 പേരെങ്കിലും മരിച്ചതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
105 ഇന്ത്യക്കാരും കാണാതായവരുടെ പട്ടികയിൽ പ്രളയത്തെ തുടർന്ന് 384 യാത്രക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ഇതിൽ 291 പേർ വിദേശികളും 93 പേർ നേപ്പാൾ സ്വദേശികളുമാണ്. കാണാതായ വിദേശികളിൽ 105 ഇന്ത്യക്കാരും 37 എൻആർഐകളും ഉൾപ്പെടുന്നു. അമേരിക്ക, ബ്രിട്ടൻ, മലേഷ്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്.

കാണാതായവരിൽ ഭൂരിഭാഗവും ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടനവുമായി ബന്ധപ്പെട്ട യാത്രക്കാരാണെന്നാണ് വിവരം. എന്നാൽ കാണാതായവരുടെ പട്ടിക പ്രാഥമികമാണെന്നും അധികൃതർ വിവിധ ഏജൻസികളുമായി സഹകരിച്ച് വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും ടൂറിസം ബോർഡ് വ്യക്തമാക്കി.
നദിയിൽ പെട്ടെന്ന് കുതിച്ചെത്തിയത് വൻ ജലപ്രവാഹത്തെ തുടർന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഭോട്ടെ കോശി നദിയിൽ അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടായത്. ടിബറ്റ് ഭാഗത്തുനിന്നെത്തിയ വെള്ളം റാസുവ, ധാദിങ്, നുവാകോട്ട് മേഖലകളിലേക്കാണ് പാഞ്ഞെത്തിയത്. റാസുവയിലെ ടിമുറെ, സ്യാഫ്രുബെസി തുടങ്ങിയ പ്രദേശങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.
പ്രാഥമിക ഉപഗ്രഹ വിശകലനമനുസരിച്ച്, നേപ്പാൾ–ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ പാറ ഇടിച്ചിൽ ഹിമ പാറ അവലാഞ്ച് ല്ഹെൻഡെ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വെള്ളം പെട്ടെന്ന് കുതിച്ചെത്തിയതെന്നാണ് വിലയിരുത്തൽ. കനത്ത മഴയല്ല പ്രളയത്തിന്റെ പ്രധാന കാരണമെന്നാണ് നേപ്പാളിലെ ജലശാസ്ത്ര-കാലാവസ്ഥാ അധികൃതരുടെ പ്രാഥമിക നിഗമനം.
റോഡുകളും പാലങ്ങളും വൈദ്യുത പദ്ധതികളും തകർന്ന വീണ പ്രളയത്തിൽ നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി. റാസുവഗഢി അതിർത്തി വ്യാപാരപാതയ്ക്കും വലിയ നാശനഷ്ടമുണ്ടായി. വീടുകളും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും വെള്ളപ്പാച്ചിലിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്.
നുവാകോട്ടിലും റാസുവയിലുമായി പ്രവർത്തിച്ചിരുന്ന നിരവധി ജലവൈദ്യുത പദ്ധതികൾക്കും നാശനഷ്ടമുണ്ടായി. ഏകദേശം 354 മെഗാവാട്ട് ശേഷിയുള്ള എട്ട് പ്രവർത്തനക്ഷമ പദ്ധതികൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകി.പ്രളയത്തിന് കാരണമായ നദിയിലെ തടസ്സം പൂർണമായി നീങ്ങിയിട്ടില്ലെന്നതിനാൽ ഭോട്ടെ കോശി, ത്രിശൂലി നദികളിൽ വീണ്ടും ശക്തമായ വെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും നദികളിൽനിന്ന് അകലം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
റാസുവ, നുവാകോട്ട്, ധാദിങ്, ചിത്വാൻ, ഗോർഖ മേഖലകളിലാണ് പ്രത്യേക ജാഗ്രത നിർദേശം. രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ സൈന്യം, പൊലീസ്, സായുധ പൊലീസ് സേന എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ടിബറ്റിലും പ്രളയത്തിന്റെ ആഘാതം അനുഭവപ്പെട്ടു.നേപ്പാൾ അതിർത്തിക്കപ്പുറമുള്ള ടിബറ്റ് മേഖലയിലും വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ഗ്യിറോങ് അതിർത്തി തുറമുഖ മേഖലയിലെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നതായാണ് റിപ്പോർട്ടുകൾ. ചൈനീസ് അധികൃതരും രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും മാറാനിടയുണ്ട്. പ്രളയബാധിത മേഖലകളിൽ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ ദുരന്തത്തിന്റെ പൂർണ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല.



