Wednesday, September 2, 2026
HomeKERALAമനുഷ്യ–വന്യജീവി സംഘർഷം: കേരളത്തിന് 14 മേഖലകളുടെ മാസ്റ്റർ പ്ലാൻ; ₹1,040 കോടിയുടെ കർമപദ്ധതി

മനുഷ്യ–വന്യജീവി സംഘർഷം: കേരളത്തിന് 14 മേഖലകളുടെ മാസ്റ്റർ പ്ലാൻ; ₹1,040 കോടിയുടെ കർമപദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പിന്റെ സമഗ്ര കർമപദ്ധതി. ഭൂപ്രകൃതിയും വന്യജീവി ആക്രമണ സാധ്യതയും കണക്കിലെടുത്ത് കേരളത്തെ 14 മേഖലകളായി തിരിച്ച് ₹1,040 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ മാസ്റ്റർ പ്ലാൻ വനംവകുപ്പ് എംഎൽഎമാരുടെയും എംപിമാരുടെയും മുന്നിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കാസർഗോഡ്, കണ്ണൂർ–ആറളം, വയനാട്, കോഴിക്കോട്, നിലമ്പൂർ, സൈലന്റ് വാലി–മണ്ണാർക്കാട്, പാലക്കാട്, തൃശൂർ–പീച്ചി, വാഴച്ചാൽ–ചാലക്കുടി, മലയാറ്റൂർ, മൂന്നാർ–മാങ്കുളം, പെരിയാർ–റാന്നി, കോന്നി–തെന്മല, അഗസ്ത്യമല–തിരുവനന്തപുരം എന്നിങ്ങനെയാണ് 14 മേഖലകൾ.

ആകെ ₹1,040 കോടിയുടെ പദ്ധതിയിൽ 2026–27 സാമ്പത്തിക വർഷത്തേക്ക് ₹192.20 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം ₹340 കോടി, ₹255 കോടി, ₹255 കോടി എന്നിങ്ങനെയും സംസ്ഥാനതല പ്രവർത്തനങ്ങൾക്കായി ₹314 കോടിയും കണക്കാക്കിയിട്ടുണ്ട്.

ഓരോ മേഖലയ്ക്കും കമാൻഡ് കൺട്രോൾ സെന്റർ

എല്ലാ ഭൂമേഖലകൾക്കും പ്രത്യേക കമാൻഡ് കൺട്രോൾ സെന്റർ ഒരുക്കും. വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും അപകടസാധ്യതയുള്ള മേഖലകളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാകും ഇവയുടെ പ്രധാന ചുമതല.

വനാതിർത്തികളിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, സൗരോർജ വേലികളും കിടങ്ങുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, വന്യജീവികളുടെ സഞ്ചാരപാതകളും ആവാസവ്യവസ്ഥയും സംരക്ഷിക്കുക തുടങ്ങിയ നടപടികളും പദ്ധതിയുടെ ഭാഗമാണ്.

നഷ്ടപരിഹാരത്തിന് പ്രത്യേക ട്രൈബ്യൂണൽ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ മാതൃകയിൽ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്ന കാര്യം ആലോചനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നഷ്ടപരിഹാര നടപടികളിലെ കാലതാമസം ഒഴിവാക്കി ദുരിതബാധിതർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.

മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുകയും സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments