കൊച്ചി: കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാൻ യാതൊരു നീക്കവും ഇല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥി രാഷ്ട്രീയം നിരോധിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പസുകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കുന്നതിനായി തയ്യാറാക്കിയ കരട് പെരുമാറ്റച്ചട്ടം സർവകലാശാല സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് എത്തിയതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ ഉയർന്നത്. എന്നാൽ നിലവിൽ പരിഗണിക്കുന്നത് അന്തിമ തീരുമാനമല്ലെന്നും ചർച്ചയ്ക്കുള്ള കരട് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
മഹാരാജാസ് കോളജിലെ വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ കേരള ഹൈക്കോടതിയിൽ നിരവധി പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ക്യാമ്പസുകളിലെ വിദ്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സർവകലാശാലകൾ മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. 2005ൽ എംജി സർവകലാശാല തയ്യാറാക്കിയ മാർഗനിർദേശങ്ങൾ മാതൃകയാക്കാമെന്നും കോടതി നിർദേശിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്. ഉപസമിതിയുടെ നിർദേശപ്രകാരം സർവകലാശാല നിയമവിഭാഗം ചർച്ചയ്ക്കായി ഒരു കരട് തയ്യാറാക്കി. ഇതിൽ 2005ലെ എംജി സർവകലാശാല മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കരട് ഉപസമിതി വിശദമായി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ നിർദേശിക്കും. തുടർന്ന് കരട് എല്ലാ വിദ്യാർഥി സംഘടനകൾക്കും കൈമാറി അവരുടെ അഭിപ്രായങ്ങൾ തേടും. ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും ഉപസമിതി അന്തിമരൂപം തയ്യാറാക്കി സിൻഡിക്കേറ്റിന് സമർപ്പിക്കുക.
സിൻഡിക്കേറ്റ് ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ ഇത് സർവകലാശാലയുടെ ഔദ്യോഗിക മാർഗനിർദേശമാകൂ, മന്ത്രി വ്യക്തമാക്കി.
‘ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം വേണം’
ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിലനിൽക്കണമെന്നതാണ് സർക്കാരിന്റെ വ്യക്തമായ നിലപാടെന്ന് റോജി എം. ജോൺ പറഞ്ഞു.
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം രാഷ്ട്രീയവും ജനാധിപത്യ പ്രക്രിയയും മനസ്സിലാക്കാനുള്ള അവസരം ക്യാമ്പസുകളിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 18 വയസ്സ് പൂർത്തിയായ വിദ്യാർഥിക്ക് രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ വോട്ട് ചെയ്യാൻ അവകാശമുണ്ടെങ്കിൽ, ക്യാമ്പസിലെ യൂണിയൻ പ്രതിനിധികളെ തിരഞ്ഞെടുക്കാനും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അവകാശമുണ്ടെന്നാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
കരട് രേഖ പുറത്തുവന്നതിനെ തുടർന്ന് ചിലർ അത് അന്തിമ തീരുമാനമായി വ്യാഖ്യാനിച്ചാണ് വിദ്യാർഥി രാഷ്ട്രീയം നിരോധിക്കുമെന്ന പ്രചാരണം നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, കരട് മാർഗനിർദേശത്തിലെ ചില നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ്, സർവകലാശാല ജീവനക്കാരുടെ ഇടതുപക്ഷ അനുകൂല സംഘടനകൾ, എസ്എഫ്ഐ, കെഎസ്യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
കരട് നിലവിൽ ചർച്ചയുടെ ഘട്ടത്തിലാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.


