കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ്, മരുന്നുവില, പരിശോധനാ നിരക്ക്, മുറിവാടക എന്നിവ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് സർക്കാർ. ബിൽ കരട് തയ്യാറാക്കാൻ നാലംഗ സമിതി
ചികിത്സാ ചിലവ് നിയന്ത്രിക്കുക ലക്ഷ്യം:മന്ത്രി മുരളീധരന്
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനായി നിയമനിർമാണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ നിരക്കിൽ സുതാര്യത ഉറപ്പാക്കുകയും അമിത നിരക്കുകൾ നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിക്കും. ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (KMSCL) മാനേജിംഗ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ്, മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനകളുടെ നിരക്ക്, മുറിവാടക, വിവിധ ചികിത്സാ നടപടിക്രമങ്ങൾക്കും ഇടപെടലുകൾക്കുമുള്ള നിരക്കുകൾ എന്നിവ സമിതി വിശദമായി പരിശോധിക്കും. സ്വകാര്യ ആശുപത്രി മേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നിയമനിർമാണത്തിനുള്ള ശുപാർശകൾ തയ്യാറാക്കുക.
ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പ്രതീക്ഷിക്കാവുന്ന ചെലവ് രോഗിയെ അറിയിക്കുക, ബില്ലിൽ ഓരോ ഇനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും പരിഗണനയിലുണ്ട്. ആശുപത്രി ഫാർമസികളിൽ മരുന്നുകൾക്ക് വിലസുതാര്യത ഉറപ്പാക്കുന്നതും എംആർപിയെക്കാൾ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും.
വിവിധ ശസ്ത്രക്രിയകളുടെ ചെലവും മുറിവാടകയും പരിശോധിക്കുന്നതിനൊപ്പം ചികിത്സയിലെ പിഴവുകളും പരാതികളും പരിശോധിക്കുന്നതിനുള്ള നടപടികളും സമിതിയുടെ പരിധിയിൽ വരും. സ്വകാര്യ ആശുപത്രികളിലേക്ക് സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യതയും വിലയിരുത്തും.
സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രധാന ഘടകമാണെങ്കിലും ചില സ്ഥാപനങ്ങളിൽ രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം രോഗികളുടെ സുരക്ഷ, ചികിത്സയുടെ ഗുണനിലവാരം, സേവനലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ സമിതി നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
നിയമത്തിന്റെ അന്തിമ രൂപം സമിതിയുടെ ശുപാർശകൾക്ക് ശേഷമായിരിക്കും വ്യക്തമാകുക. ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പ് വിവിധ വിഭാഗങ്ങളുമായി കൂടിയാലോചന നടത്താനും സർക്കാർ ലക്ഷ്യമിടുന്നു.
മലയാളധ്വനി | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


