കൊച്ചി: സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തിയ വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ച് മദ്യവും ലഹരിവസ്തുക്കളും നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കളമശേരി സ്വദേശികളായ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കളമശേരിയിലെ സ്പായിൽ മാനേജർ ജോലി ഒഴിവുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് യുവതി ജോലിക്കായി സമീപിച്ചത്. അഭിമുഖത്തിനായി വിളിച്ചുവരുത്തിയ ശേഷം ജോലി ലഭിച്ചതായി അറിയിക്കുകയും പിന്നീട് സ്പായിലെ ജീവനക്കാരുടെ പാർട്ടിയെന്ന പേരിൽ വീണ്ടും വിളിച്ചുവരുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച യുവതിക്ക് മദ്യവും മറ്റൊരു ലഹരിവസ്തുവും നിർബന്ധിച്ച് നൽകിയെന്നാണ് പരാതി.
ബോധം നഷ്ടപ്പെട്ട നിലയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബാക്കിയുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനോട് വിവരം പറഞ്ഞതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രൻ അറിയിച്ചു.
കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പായുമായി ബന്ധപ്പെട്ട് യുവതികളെ ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണോ പ്രതികളെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.


