കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നേറ്റം ചൂണ്ടിക്കാട്ടിയ കേന്ദ്രനിലപാടിൽ ഹൈക്കോടതി ചോദ്യം ഉന്നയിച്ചു
കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണന നൽകുന്നില്ലെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും ആരോഗ്യസംവിധാനങ്ങളിൽ കേരളം മുന്നിലാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ തത്വത്തിലുള്ള അനുമതി പോലും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടർന്നുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായ ശേഷമേ പുതിയ എയിംസ് സംബന്ധിച്ച് നടപടികളിലേക്ക് കടക്കാനാകൂവെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
എന്നാൽ കേന്ദ്രത്തിന്റെ വിശദീകരണത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നേറ്റം എയിംസ് അനുവദിക്കാതിരിക്കാനുള്ള കാരണമാകുമോയെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിന് എയിംസ് ആവശ്യമാണ്. സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികിത്സ എല്ലാവർക്കും താങ്ങാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എയിംസ് സ്ഥാപിക്കാനുള്ള നിർദേശം 2016 മുതൽ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും ഇത്രയും വർഷം കഴിഞ്ഞിട്ടും തീരുമാനമുണ്ടാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കേരളം ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെ എയിംസ് നിർദേശത്തിൽ വൈകാതെ ബോധപൂർവമായ തീരുമാനം എടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി നിർദേശിച്ചു. കേരളത്തിന്റെ ആരോഗ്യാവശ്യങ്ങൾ, ജനസാന്ദ്രത, സർക്കാർ ആശുപത്രികളുടെ പരിമിതികൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ എയിംസ് വരില്ലെന്ന നിലപാടല്ല കേന്ദ്രത്തിന്റേതെന്നും മുൻഗണന സംബന്ധിച്ച കാര്യമാണ് കോടതിയിൽ വ്യക്തമാക്കിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. എയിംസിനായി സ്ഥലം സംബന്ധിച്ച കാര്യത്തിൽ കേരളം വ്യക്തമായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


