കോഴിക്കോട്: മലയാള സിനിമയിലെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ്(76) അന്തരിച്ചു. അൻപതു വർഷത്തിലേറെയായി കോഴിക്കോട് പറയഞ്ചേരി സോജിത് എന്ന വീട്ടിൽ ആയിരുന്നു സ്ഥിരതാമസം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 7.30 ന് ആയിരുന്നു അന്ത്യം.
പരേതനായ ഇ.എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പിഡബ്ലിയുഡി) ആണ് ഭർത്താവ്. സജിത് ഖാൻ (ആർകിടെക്ട്, ഓസ്ട്രേലിയ), സോജ(കോയമ്പത്തൂർ) എന്നിവർ മക്കളാണ്. മരുമക്കൾ: വി.നൗഷാദ്(മാനേജിങ് ഡയറക്ടർ, വാക്കറൂ), നസ്രീൻ(ഓസ്ട്രേലിയ). ഭൗതികശരീരം കോഴിക്കോട് വസതിയിൽ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ.
1950 ഓഗസ്റ്റ് 24 ന്ചിറയിൻകീഴിൽ ആണ് ലൈല ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽപി സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന ഓർമപുസ്തകം രചിച്ചിട്ടുണ്ട്.


