ഗാർഹിക പീഡനം തടയാൻ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സംസ്ഥാന സർക്കാർ. പരാതികളിൽ അടിയന്തര നടപടി, അതിജീവിതകളുടെ സ്വകാര്യത ഉറപ്പാക്കൽ, വനിതാ പോലീസുകാർക്ക് പ്രത്യേക പരിശീലനം എന്നിവ പദ്ധതിയുടെ ഭാഗം
ഗാർഹിക പീഡന പരാതികളിൽ അടിയന്തര ഇടപെടലും അതിജീവിതകൾക്ക് കൂടുതൽ സുരക്ഷയും ഉറപ്പാക്കാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ ദിവസവും പോലീസ് സ്റ്റേഷനുകളിൽ നിന്ന് ശേഖരിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യം. പരാതികളിൽ കാലതാമസമില്ലാതെ ഇടപെടുന്നതിനൊപ്പം ഗാർഹിക പീഡനം തടയുന്നതിനുള്ള പ്രതിരോധ നടപടികളും ശക്തമാക്കും.
അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതിനും പ്രത്യേക പരിഗണന നൽകും. സാധാരണ പോലീസ് നടപടിക്രമങ്ങളിൽനിന്ന് വ്യത്യസ്തമായി സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം പ്രവർത്തിക്കുക.
ഗാർഹിക പീഡന പരാതികളിൽ കൂടുതൽ ഏകോപിതമായ ഇടപെടൽ ഉറപ്പാക്കുന്നതിനൊപ്പം അതിജീവിതകൾക്ക് ആവശ്യമായ നിയമപരവും സുരക്ഷാപരവുമായ പിന്തുണ ലഭ്യമാക്കാനും ടാസ്ക് ഫോഴ്സ് ലക്ഷ്യമിടുന്നു. ഇതിനായി വനിതാ പോലീസുകാർക്ക് പ്രത്യേക പരിശീലനം നൽകും.
ഗാർഹിക പീഡന കേസുകളിൽ പരാതികൾ സ്വീകരിക്കുന്നതുമുതൽ തുടർ നിയമനടപടികൾ വരെയുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.


