“ഞങ്ങള്‍ പോരാടും വിജയിക്കും” ആത്മവിശ്വാസത്തോടെ കണ്ണൂര്‍ വാരിയേഴ്സ് ഡയറക്ടര്‍ മിബു ജോസ് നെറ്റിക്കാടന്‍
കണ്ണൂർ: സൂപ്പർ ലീഗ് കേരള സീസൺ മൂന്നിൽ ആവേശകരമായ പോരാട്ടത്തിന് ഇന്ന് കണ്ണൂർ വേദിയാകും. സ്വന്തം തട്ടകത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ഫോർസ കൊച്ചി എഫ്‌സിയെ നേരിടും. രാത്രി 7.30ന് കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിലെ മൂന്നാം റൗണ്ട് മത്സരങ്ങളിലൊന്നായ ഈ പോരാട്ടത്തിൽ വിജയത്തോടെ മുന്നേറാനാകും ഇരുടീമുകളുടെയും ലക്ഷ്യം
സ്വന്തം തട്ടകത്തിൽ വാരിയേഴ്‌സിന് നിർണായക പോരാട്ടം
ആരാധകരുടെ പിന്തുണയിൽ സ്വന്തം മൈതാനത്ത് ഇറങ്ങുന്ന കണ്ണൂർ വാരിയേഴ്‌സിന് ഇന്നത്തെ മത്സരം ഏറെ പ്രധാനമാണ്. ഒക്ടോബർ നാലിന് തിരുവനന്തപുരം കൊമ്പൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ നിശ്ചിത സമയത്ത് 1–1 സമനിലയിൽ പിരിഞ്ഞ വാരിയേഴ്‌സ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്താനാകും ടീമിന്റെ ശ്രമം.

ഡയറക്ടർ , കണ്ണൂർ വാരിയേഴ്‌സ് എഫ് സി
“ഞങ്ങള്‍ പോരാടും വിജയിക്കും” ആത്മവിശ്വാസത്തോടെ കണ്ണൂര്‍ വാരിയേഴ്സ് ഡയറക്ടര്‍ മിബു ജോസ്
സ്വന്തം മൈതാനത്ത് വാരിയേഴ്‌സിന്റെ പോരാട്ടവീര്യവും ഫോർസ കൊച്ചിയുടെ ആക്രമണനിരയും തമ്മിലുള്ള ഏറ്റുമുട്ടലിനായി ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്.
“വാരിയേഴ്‌സിന്റെ ഓരോ മത്സരവും ഞങ്ങൾക്ക് അഭിമാനത്തിന്റെ നിമിഷമാണ്. സ്വന്തം തട്ടകത്തിൽ ഫോഴ്‌സ കൊച്ചിയെ നേരിടുമ്പോൾ ടീമിന് ആരാധകരുടെ പിന്തുണ നിർണായകമാകും. കളിക്കാർ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജയവും തോൽവിയും കായികത്തിന്റെ ഭാഗമാണ്. എന്നാൽ അവസാന നിമിഷം വരെ പോരാടുന്ന വാരിയേഴ്‌സിനെയാണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്. കണ്ണൂരിന്റെ ഫുട്ബോൾ ആവേശം സ്റ്റേഡിയത്തിൽ നിറയട്ടെ” ഖത്തറില്‍ വ്യവസായിയായ ക്ലബ് ഡെയറക്ടര്‍ മിബു ജോസ് ദോഹയില്‍ മലയാളധ്വനിയോട് പറഞ്ഞു
- മത്സരം: കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി vs ഫോർസ കൊച്ചി എഫ്‌സി
- തീയതി: ഇന്ന്, ഒക്ടോബർ 9 വെള്ളിയാഴ്ച
- സമയം: രാത്രി 7.30
- വേദി: ജവഹർ മുനിസിപ്പൽ സ്റ്റേഡിയം, കണ്ണൂർ
- ടൂർണമെന്റ്: സൂപ്പർ ലീഗ് കേരള സീസൺ 3


