Tuesday, October 13, 2026
HomeKERALAനെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളും പ്രതികൾ; പ്രേരണാക്കുറ്റം ചുമത്തി

നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളും പ്രതികൾ; പ്രേരണാക്കുറ്റം ചുമത്തി

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച അപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തിയിരിക്കുന്നത്. മദ്യപിച്ചിരുന്ന സുഹൈലിനെ വാഹനം ഓടിക്കാൻ അനുവദിക്കുകയും അമിതവേഗത്തിൽ കാർ ഓടിക്കുന്നത് തടയാതിരിക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരായ ആരോപണം.

സംഭവത്തിൽ സുഹൈൽ സജീവ് (19), നിനവ് (19) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച അമീർ ഷാ, ജോയൽ എസ്. ആന്റോ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തതോടെ കാറിലുണ്ടായിരുന്ന നാലുപേരും അറസ്റ്റിലായി. അപകടത്തിനുശേഷം സ്ഥലത്തുനിന്ന് മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് അമീറിനും ജോയലിനുമെതിരായ ആരോപണം.

അപകടം നടന്നത് ഒക്ടോബർ 11 ഞായറാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവള റോഡിലായിരുന്നു. സുഹൈൽ ഓടിച്ച മിനി കൂപ്പർ സ്കൂട്ടറിലിടിച്ചാണ് ദേവിക (21), ഗോപിക (22), മുഹമ്മദ് ഇയാസ് (21) എന്നിവർ മരിച്ചത്. മൂവരും തൃക്കാക്കരയിലെ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു.

അപകടസമയത്ത് സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കാറിന്റെ യഥാർഥ വേഗതയും അപകടത്തിന് തൊട്ടുമുമ്പ് ബ്രേക്ക് പ്രയോഗിച്ചിരുന്നോ എന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ വാഹനത്തിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മദ്യം നൽകിയെന്നാരോപിച്ച് കൊച്ചിയിലെ മൂന്ന് ബാർ ഹോട്ടലുകൾക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments