Monday, October 19, 2026
HomeKERALAകൈക്കൂലി കേസിൽ തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ മുൻ ഡെപ്യൂട്ടി കൺട്രോളറെ വിജിലൻസ് കോടതി ശിക്ഷിച്ചു

കൈക്കൂലി കേസിൽ തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ മുൻ ഡെപ്യൂട്ടി കൺട്രോളറെ വിജിലൻസ് കോടതി ശിക്ഷിച്ചു

മൂന്ന് വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും വിധി

തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ പരാതിക്കാരന്റെ ആക്കുളത്ത് പ്രവർത്തിക്കുന്ന ഇന്ധന സ്റ്റേഷനിലെ ലീഗൽ മെട്രോളജി വകുപ്പിന്റെ വാർഷിക സ്റ്റാമ്പിംഗിനായി 8,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ, തിരുവനന്തപുരം പൂവച്ചൽ സ്വദേശിയും, തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ മുൻ ഡെപ്യൂട്ടി കൺട്രോളറുമായിരുന്ന അജിത്ത് കുമാർ ബി.എസ് (വയസ്സ്:58) കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന്  3 വർഷം കഠിനതടവിനും, ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

പരാതിക്കാരന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം ആക്കുളത്ത് പ്രവർത്തിക്കുന്ന ഇന്ധന സ്റ്റേഷനിൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തേണ്ട വാർഷിക സ്റ്റാമ്പിംഗിനായി 2022-ൽ തിരുവനന്തപുരം പട്ടത്തുള്ള ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളറുടെ ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. പ്രസ്തുത സ്റ്റാമ്പിംഗ് നടപടികൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുന്നതിനായി അന്നത്തെ ഡെപ്യൂട്ടി കൺട്രോളറായിരുന്ന അജിത്ത് കുമാർ ബി.എസ് പരാതിക്കാരനോട് 16,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും അതിന്റെ ആദ്യ ഗഡുവായ 8,000/- രൂപ കൈപ്പറ്റുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് അജിത്ത് കുമാർ ബി.എസ് കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു.

ഈ കേസിലാണ് തിരുവനന്തപുരം പൂവച്ചൽ സ്വദേശിയും ലീഗൽ മെട്രോളജി വകുപ്പിലെ മുൻ ഡെപ്യൂട്ടി കൺട്രോളറുമായ അജിത്ത് കുമാർ ബി.എസ്. (വയസ്സ്: 58) കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി മൂന്ന് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ഇന്ന് (15.10.2026) ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ. മനോജ് എ ആണ് വിധി പുറപ്പെടുവിച്ചത്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി ശ്രീ.വിനോദ് കുമാർ.ആർ ആണ് കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി. വീണാ സതീശൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments