അഞ്ചാം റൗണ്ടിൽ മലപ്പുറം എഫ്.സിയെ നേരിടാൻ കണ്ണൂർ വാരിയേഴ്സ് ഒരുങ്ങുന്നു; വിജയത്തിൽ കുറഞ്ഞ ലക്ഷ്യമില്ലെന്ന് പ്രഖ്യാപിച്ച് ടീം ഡയറക്ടർമാർ
മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ അഞ്ചാം റൗണ്ടിൽ കണ്ണൂർ വാരിയേഴ്സും മലപ്പുറം എഫ്.സിയും നാളെ മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. നിർണായക മത്സരത്തിൽ വിജയം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ വാരിയേഴ്സ് കളത്തിലിറങ്ങുന്നത്. മലപ്പുറത്തിന്റെ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് പോയിന്റുകൾ നേടുകയാണ് ടീമിന്റെ ലക്ഷ്യം.
വാരിയേഴ്സിന് വിജയപ്രതീക്ഷ; മലപ്പുറത്ത് തീപാറും പോരാട്ടം
കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോട് ഒരു ഗോളിന് പരാജയപ്പെട്ട കണ്ണൂർ വാരിയേഴ്സ് തിരിച്ചുവരവിനുള്ള അവസരമായാണ് ഈ മത്സരത്തെ കാണുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയെ തോൽപ്പിച്ച കണ്ണൂർ, ഫോർസ കൊച്ചിക്കെതിരെയും വിജയം നേടിയിരുന്നു. തിരുവനന്തപുരം കൊമ്പൻസിനെതിരായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു.
മറുവശത്ത്, മലപ്പുറം എഫ്.സിയും സ്വന്തം തട്ടകത്തിൽ വിജയം ലക്ഷ്യമിടും. ഇരു ടീമുകൾക്കും പോയിന്റ് പട്ടികയിൽ മുന്നേറാൻ മത്സരം നിർണായകമാണ്. നാളെ രാത്രി 7.30നാണ് പയ്യനാട് സ്റ്റേഡിയത്തിലെ പോരാട്ടം.

“കഴിഞ്ഞ മത്സരത്തിലെ തോൽവി ഞങ്ങളെ പിന്നോട്ടടിക്കില്ല. പിഴവുകൾ തിരുത്തി കൂടുതൽ ആത്മവിശ്വാസത്തോടെ മലപ്പുറത്ത് ഇറങ്ങാനാണ് ടീമിന്റെ തീരുമാനം. എതിരാളികളുടെ തട്ടകമാണെന്നത് വെല്ലുവിളിയാണ്. എന്നാൽ മികച്ച പോരാട്ടത്തിലൂടെ മൂന്ന് പോയിന്റും സ്വന്തമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആരാധകരുടെ പിന്തുണ ടീമിന് വലിയ കരുത്താണ്.” ഖത്തറിലെ പ്രമുഖ വ്യവസായിയും കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ലബ്ബ് ഡയറക്ടറുമായ മിബു ജോസ് നെറ്റിക്കാടൻ മലയാളധ്വനിയോട് പറഞ്ഞു

കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ലബ്ബ് ഡയറക്ടർ
“കണ്ണൂർ വാരിയേഴ്സിന്റെ പോരാട്ടവീര്യത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഓരോ മത്സരവും പുതിയൊരു പരീക്ഷണമാണ്. മലപ്പുറം എഫ്.സിയെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ നേരിടുമ്പോൾ ഒത്തൊരുമയും അച്ചടക്കവും നിർണായകമാകും. വിജയത്തിനായി അവസാന വിസിൽ വരെ ടീം പോരാടും. ആരാധകർ നൽകുന്ന പിന്തുണയ്ക്ക് കളിക്കളത്തിൽ മികച്ച പ്രകടനത്തിലൂടെ മറുപടി നൽകാനാണ് ഞങ്ങളുടെ ശ്രമം.” ഖത്തറിലെ പ്രമുഖ വ്യവസായിയും ഖത്തർ ഐ എസ് സി പ്രസിഡന്റും കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ലബ്ബ് ഡയറക്ടറുമായ
EP അബ്ദുറഹിമാൻ മലയാളധ്വനിയോട് പറഞ്ഞു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


