നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി
കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി–2 ആണ് ജാമ്യം നിഷേധിച്ചത്.
കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. റിമാൻഡ് കാലാവധി 14 ദിവസം പിന്നിട്ടതിനെത്തുടർന്നാണ് പ്രതികൾ വീണ്ടും ജാമ്യം തേടി കോടതിയെ സമീപിച്ചത്.
ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരി അത്താണി എയർപോർട്ട് സിഗ്നലിന് സമീപമായിരുന്നു അപകടം. സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ദേവിക, ഗോപിക, ഇയാസ് എന്നിവർ മരിച്ചിരുന്നു.
അമിതവേഗതയും മദ്യപിച്ച് വാഹനമോടിച്ചതും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് വാദിച്ചു. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ പരിഗണിച്ചാണ് കോടതിയുടെ നടപടി.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


