അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 89,110 രൂപ വരെ; ഒരു കോടി രൂപയുടെ കെയർ പ്ലസിൽ പരിരക്ഷയ്ക് 1,20,139 ആയിരുന്നത് നോർക്ക കെയർ പദ്ധതിയിൽ 6.77 ലക്ഷം കടക്കും , ഗുരുതര രോഗങ്ങളുടെ പരിരക്ഷയും വെട്ടിക്കുറച്ചതായി ആക്ഷേപം
പ്രീമിയം വര്‍ദ്ധന പുനഃപരിശോധിക്കണം; ഗുരുതര രോഗങ്ങൾക്കുള്ള പരിരക്ഷ പഴയപടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പുതുക്കിയ പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.
സാധാരണ പ്രവാസികൾക്ക് താങ്ങാനാകാത്ത വിധത്തിലുള്ള പ്രീമിയം വർധനവും ഗുരുതര രോഗങ്ങൾക്കുള്ള പരിരക്ഷയിലെ നിയന്ത്രണങ്ങളും ആശങ്കാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
13,411 രൂപയിൽ നിന്ന് 89,110 രൂപയിലേക്ക്!
2025-ലെ പദ്ധതിയിൽ പ്രവാസി, ജീവിതപങ്കാളി, 25 വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാൻ 13,411 രൂപയായിരുന്നു വാർഷിക പ്രീമിയം. എന്നാൽ പുതുക്കിയ നിരക്കനുസരിച്ച് പ്രായം പരിഗണിക്കുമ്പോൾ ഇത് 89,110 രൂപ വരെ ഉയരുന്നു. ശരാശരി പ്രായപരിധിയിൽ പോലും 35,664 രൂപ വരെ നൽകേണ്ടിവരും.
കെയർ പ്ലസിൽ പ്രീമിയം 6.77 ലക്ഷം വരെ!
ഒരു കോടി രൂപയുടെ പരിരക്ഷയുള്ള നോർക്ക കെയർ പ്ലസ് പദ്ധതിയിലും വര്‍ദ്ധനവ് വൻതോതിലാണ്. പ്രവാസിയും കുടുംബാംഗങ്ങളും മാതാപിതാക്കളോ ജീവിതപങ്കാളിയുടെ മാതാപിതാക്കളോ ഉൾപ്പെടുന്ന കുടുംബത്തിന് നേരത്തെയുണ്ടായിരുന്ന 1,20,139 രൂപയുടെ വാർഷിക പ്രീമിയം, പ്രാഥമിക അംഗത്തിന്റെ പ്രായം 41–50 വയസ്സാണെങ്കിൽ 4,47,998 രൂപയായും 51–60 വയസ്സാണെങ്കിൽ 6,77,417 രൂപയായും ഉയരുന്നു.
പ്രീമിയം ഉയരുമ്പോൾ രോഗപരിരക്ഷയ്ക്ക് നിയന്ത്രണം!
ക്യാൻസർ, ഹൃദയാഘാതം, ബൈപാസ് ശസ്ത്രക്രിയ, ഹൃദയവാൽവ് മാറ്റിവയ്ക്കൽ, സ്ട്രോക്ക്, വൃക്കകളുടെ പ്രവർത്തനരഹിതാവസ്ഥ, വെന്റിലേഷൻ ആവശ്യമായ ശ്വാസകോശ പ്രവർത്തനത്തകരാർ തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് ഇൻഷുറൻസ് തുകയോ 20 ലക്ഷം രൂപയോ ഏതാണോ കുറവ് അത്ര മാത്രമേ ലഭിക്കൂവെന്ന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സയുടെ പരിരക്ഷ 10 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമായി കുറച്ചതായും ഓറൽ കീമോതെറാപ്പിക്കുള്ള പരിരക്ഷയിൽ ഒരു ലക്ഷം രൂപയുടെ കുറവുണ്ടായതായും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, ഹെർണിയ, തിമിര ശസ്ത്രക്രിയ, ഹൈഡ്രോസീൽ ശസ്ത്രക്രിയ എന്നിവയ്ക്കുള്ള പരിരക്ഷയിൽ വർധനവുമുണ്ട്.
പ്രവാസികൾക്ക് ആശ്വാസകരമായ നിരക്ക് വേണം
പദ്ധതിയുടെ സുസ്ഥിരമായ നടത്തിപ്പിന് കാലാനുസൃതമായ പ്രീമിയം വര്‍ദ്ധനവ് ആവശ്യമായേക്കാമെങ്കിലും അത് സാധാരണ പ്രവാസികൾക്ക് താങ്ങാനാകുന്ന രീതിയിലായിരിക്കണം. പ്രീമിയം നിരക്കുകൾ പുനഃപരിശോധിച്ച് താങ്ങാവുന്ന നിരക്കുകൾ ഉറപ്പാക്കുകയും ഗുരുതര രോഗങ്ങൾക്കുള്ള പരിരക്ഷ മുൻപുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കുകയും വേണം. അമിത പ്രീമിയം കാരണം പ്രവാസികൾക്ക് പദ്ധതിയിൽനിന്ന് അകന്നുനിൽക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


