ഒക്ടോബർ 30-ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് മഴയെ തുടർന്ന് ഒക്ടോബർ 31-ലേക്ക് മാറ്റിയത്. ‘മോക്ക് പാർലമെന്റ്’ എന്ന പേര് നേരത്തെ തന്നെ ‘ജൻ മഹാഭിയോഗ്’ എന്ന് മാറ്റിയിരുന്നു
ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി നാളത്തേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്ന ‘ജനകീയ കുറ്റവിചാരണ’ പരിപാടിയുടെ തീയതിയിലാണ് മാറ്റം വരുത്തിയത്.
എന്നാൽ, ഡൽഹിയിൽ തുടരുന്ന കനത്ത മഴയെത്തുടർന്നാണ് പരിപാടി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പരിപാടി നടക്കുക.
‘മോക്ക് പാർലമെന്റ്’ എന്നായിരുന്നു ആദ്യം പരിപാടിക്ക് നിശ്ചയിച്ചിരുന്നത്. പാർലമെന്റിനെ പരിഹസിക്കുന്നുവെന്ന വ്യാഖ്യാനം ഒഴിവാക്കുന്നതിനായി ‘ജൻ മഹാഭിയോഗ്’ (ജനകീയ കുറ്റവിചാരണ) എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിനാണ് നടപടികൾ നിയന്ത്രിക്കാനുള്ള ചുമതല.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്തെന്ന ആരോപണം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത തുടങ്ങിയ വിഷയങ്ങളാണ് പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ഇന്ത്യാ മുന്നണി ആവശ്യപ്പെടുന്നുണ്ട്.
ഖാർഗെ പരിപാടിക്ക് തുടക്കമിടുകയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തുകയും ചെയ്യും. ഇന്ത്യാ മുന്നണിയിലെ 19 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കൊപ്പം വോട്ടർപട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതായി പരാതിയുള്ളവർക്കും സിവിൽ സമൂഹ പ്രതിനിധികൾക്കും സംസാരിക്കാൻ അവസരമുണ്ടാകും.
നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് വൻ പ്രതിഷേധ റാലിയും ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ‘വോട്ട് ചോരി’ ആരോപണങ്ങൾ ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരികയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുചർച്ച ശക്തമാക്കുകയുമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


