സൂപ്പർ ലീഗ് കേരള ആറാം റൗണ്ടില് ഇന്ന് വാരിയേഴ്സിന് പോരാട്ടം കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30ന് കിക്കോഫ് സ്വന്തം ആരാധകർക്കു മുന്നിൽ വിജയത്തിലേക്ക് തിരിച്ചെത്താൻ വാരിയേഴ്സ്; മറുപടി നൽകാൻ കൊമ്പൻസും.
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ ആറാം റൗണ്ട് പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി ഇന്ന് സ്വന്തം തട്ടകത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിന്റ് പട്ടികയിൽ മുന്നേറ്റം ലക്ഷ്യമിടുന്ന ഇരു ടീമുകൾക്കും ഈ പോരാട്ടം നിർണായകമാണ്.
അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി കണ്ണൂർ വാരിയേഴ്സ് നാലാം സ്ഥാനത്തും അഞ്ച് പോയിന്റുള്ള തിരുവനന്തപുരം കൊമ്പൻസ് അഞ്ചാം സ്ഥാനത്തുമാണ്. അതിനാൽ ഇന്നത്തെ മത്സരത്തിലെ വിജയം പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താൻ ഇരുടീമുകൾക്കും അവസരമൊരുക്കും.
തോൽവിയിൽ നിന്ന് തിരിച്ചുവരാൻ
കഴിഞ്ഞ മല്സരത്തിൽ വാരിയേഴ്സ് മലപ്പുറം എഫ്സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടാണ് കണ്ണൂർ വാരിയേഴ്സ് ഇന്നിറങ്ങുന്നത്. അതിനു മുമ്പ് സ്വന്തം തട്ടകത്തിൽ കാലിക്കറ്റ് എഫ്സിയോടും വാരിയേഴ്സ് തോറ്റിരുന്നു. തുടർച്ചയായ തിരിച്ചടികൾ മറന്ന് ആരാധകർക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയെന്നതാകും ടീമിന്റെ പ്രധാന ലക്ഷ്യം. സ്വന്തം മൈതാനവും ആരാധകരുടെ പിന്തുണയും വാരിയേഴ്സിന് ആത്മവിശ്വാസം പകരുമെന്നാണ് പ്രതീക്ഷ.
“വിജയമാണ് ലക്ഷ്യം, ആരാധകരാണ് കരുത്ത്”ഡോ ഹസ്സൻകുഞ്ഞി

കണ്ണൂർ വാരിയേഴ്സ് എഫ് സി
“ഇന്ന് തിരുവനന്തപുരം കൊമ്പൻസിനെതിരായ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. ഓരോ മത്സരവും ഞങ്ങളുടെ ടീമിന് പുതിയൊരു അവസരമാണ്. വിജയത്തിനായി ഒരുമയോടെയും ആത്മവിശ്വാസത്തോടെയും പോരാടാനുള്ള കരുത്ത് കളിക്കാർക്കുണ്ട്. ടീമിന്റെ വളർച്ചയിലും മുന്നേറ്റത്തിലും ആരാധകരുടെ പിന്തുണ നിർണായകമാണ്. കണ്ണൂരിന്റെ ഫുട്ബോൾ ആവേശം സ്റ്റേഡിയത്തിൽ നിറയുമ്പോൾ അത് കളിക്കാർക്ക് വലിയ പ്രചോദനമാകും. ജയവും തോൽവിയും കായികരംഗത്തിന്റെ ഭാഗമാണെങ്കിലും വിജയത്തിനായുള്ള സമർപ്പണത്തിന് മാറ്റമുണ്ടാകരുത്. ഇന്നത്തെ മത്സരത്തിൽ വാരിയേഴ്സ് പോരാട്ടവീര്യവും മികവും തെളിയിക്കട്ടെ. ടീമിനൊപ്പം നിൽക്കുന്ന ഓരോ ആരാധകനോടും നന്ദി അറിയിക്കുന്നു.”ഖത്തറിലെ പ്രമുഖ വ്യവസായിയും കണ്ണൂര് വാരിയേഴ്സ് എഫ് സിയുടെ ചെയർമാനുമായ ഡോ ഹസ്സൻകുഞ്ഞി മലയാളധ്വനിയോട് പറഞ്ഞു .
“ആരാധകരുടെ ആവേശമാണ് ഞങ്ങളുടെ ഊർജം”മിബു ജോസ്

“കണ്ണൂർ വാരിയേഴ്സിന്റെ ഓരോ മുന്നേറ്റത്തിനും പിന്നിൽ ആരാധകരുടെ അളവറ്റ സ്നേഹവും പിന്തുണയുമുണ്ട്. തിരുവനന്തപുരം കൊമ്പൻസിനെതിരായ ഇന്നത്തെ മത്സരത്തിലും ആ പിന്തുണ ടീമിന്റെ വലിയ കരുത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫുട്ബോൾ എന്നത് പതിനൊന്ന് കളിക്കാരുടെ പ്രകടനം മാത്രമല്ല; ടീം മാനേജ്മെന്റ്, പരിശീലകർ, ആരാധകർ എന്നിവരുടെ കൂട്ടായ സ്വപ്നം കൂടിയാണ്. വിജയത്തിനായി ഒരുമയോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ ടീമിൽ പൂർണ വിശ്വാസമുണ്ട്. സമ്മർദങ്ങളെ അവസരങ്ങളാക്കി മാറ്റാനും അവസാന വിസിൽ വരെ പൊരുതാനും കളിക്കാർക്ക് കഴിയട്ടെ. സ്റ്റേഡിയത്തിലെ ഓരോ ആരവവും ടീമിന് പ്രചോദനമാകട്ടെ. കണ്ണൂർ വാരിയേഴ്സിന്റെ ചുവപ്പൻ ആവേശം നാളത്തെ മത്സരത്തിലും ഉയർന്നുനിൽക്കട്ടെ. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നു.”ഖത്തറിലെ പ്രമുഖവ്യവസായിയും കണ്ണൂര് വാരിയേഴ്സ് എഫ് സിയുടെ ഡയറക്ടറുമായ മിബു ജോസ് മലയാളധ്വനിയോട് പറഞ്ഞു
വിജയവഴി തേടി കൊമ്പൻസും
തിരുവനന്തപുരം കൊമ്പൻസിനും കഴിഞ്ഞ മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനായിട്ടില്ല. തൃശൂർ മാജിക് എഫ്സിക്കെതിരായ അവസാന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ കൊമ്പൻസ് പരാജയപ്പെട്ടു. അതിനു മുമ്പ് ഫോഴ്സ കൊച്ചിയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും ടീം തോറ്റിരുന്നു. കണ്ണൂരിൽ തിരിച്ചുവരവ് നടത്താനാകും കൊമ്പൻസിന്റെ ശ്രമം.
ആദ്യ ഏറ്റുമുട്ടലിന്റെ ഓർമയും ആവേശവും
ഈ സീസണിൽ ഒക്ടോബർ നാലിന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ നിശ്ചിത സമയത്ത് 1–1 സമനിലയായിരുന്നു ഫലം. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ കൊമ്പൻസ് വിജയം നേടി. അതിനാൽ ഇന്നത്തെ മത്സരത്തിൽ ആ തോൽവിക്ക് മറുപടി നൽകാനും സ്വന്തം ആരാധകർക്കു മുന്നിൽ വിജയം നേടാനും വാരിയേഴ്സിന് അവസരമുണ്ട്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ടീമിനായിരിക്കും മുൻതൂക്കം ലഭിക്കുക. നിർണായക ഘട്ടങ്ങളിൽ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതും പ്രതിരോധത്തിലെ പിഴവുകൾ ഒഴിവാക്കുന്നതും മത്സരഫലം നിർണയിച്ചേക്കും.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രണ്ടു വിദേശ താരങ്ങളുൾപ്പെടെ മൂന്ന് പ്രധാന താരങ്ങൾ ഇഞ്ചുറി മൂലം വിശ്രമത്തിലായിരുന്നത് വാരിയേഴ്സിന്റെ പോരാട്ട വീര്യത്തിനെ വല്ലാതെ ബാധിച്ചിരുന്നു. ഇന്ന് കണ്ണൂരിൽ ഫുട്ബോൾ ആവേശം ഉയരുമ്പോൾ, വാരിയേഴ്സ് സ്വന്തം തട്ടകത്തിൽ തിരിച്ചു വരാനുള്ള പോരാട്ടത്തിലായിരിക്കും, അതോ കൊമ്പൻസ് വീണ്ടും കണ്ണൂരിനെ ഞെട്ടിക്കുമോ? ഉത്തരം ജവഹർ സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ കാണാം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


