Sunday, November 29, 2026
HomeKERALAറോഡപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്; ആദ്യഘട്ടം മൂന്ന് ജില്ലകളിൽ

റോഡപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്; ആദ്യഘട്ടം മൂന്ന് ജില്ലകളിൽ

സർക്കാർ ആശുപത്രികൾക്കു പുറമെ കാസ്പ്–പി.എം.ജെ.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട എംപാനൽഡ് സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനും അപകടങ്ങൾക്കുശേഷമുള്ള അടിയന്തര ചികിത്സ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടത്തിൽപ്പെടുന്നവരെ പരിക്കിന്റെ സ്വഭാവവും ആരോഗ്യനിലയും വിലയിരുത്തി ഏറ്റവും അനുയോജ്യമായ ആശുപത്രിയിൽ മിനിറ്റുകൾക്കുള്ളിൽ എത്തിച്ച് സമയബന്ധിത ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.

നിലവിലുള്ള ആംബുലൻസ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് അടിയന്തര ചികിത്സാ ശൃംഖല ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. നിലവിൽ 108 ആംബുലൻസ് സേവനത്തിന് പുറമെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള ആംബുലൻസുകളെയും ഏകോപിപ്പിക്കും. ഇതിനായി അടിയന്തര ആംബുലൻസ് സേവനത്തിന്റെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കും. രണ്ടാംഘട്ടത്തിൽ സ്വകാര്യ ആംബുലൻസുകളെയും സന്നദ്ധ സംഘടനകളുടെ ആംബുലൻസ് സേവനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കാനും ലക്ഷ്യമിടുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. അപകടം സംഭവിക്കുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നതോടെ ഏറ്റവും അടുത്തുള്ള അനുയോജ്യമായ ആംബുലൻസിനെ വേഗത്തിൽ അപകടസ്ഥലത്തേക്ക് അയയ്ക്കാൻ സാധിക്കും. പരിക്കിന്റെ സ്വഭാവം, രോഗിയുടെ ആരോഗ്യനില, ജീവസൂചകങ്ങൾ തുടങ്ങിയ വിവരങ്ങൾ ആംബുലൻസ് ജീവനക്കാർ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ രോഗിയെ ഏത് ആശുപത്രിയിലാണ് എത്തിക്കേണ്ടതെന്ന് നിർദേശം നൽകും.

രോഗി ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ ചികിത്സാ സംഘത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറാൻ കഴിയുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇതുവഴി ഡോക്ടർമാർക്കും ട്രോമാ കെയർ വിഭാഗങ്ങൾക്കും ശസ്ത്രക്രിയാ സംഘങ്ങൾക്കും രക്തബാങ്കുകൾക്കും നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനാകും. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചശേഷം ചികിത്സ ആരംഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാനും അടിയന്തര ചികിത്സയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

സർക്കാർ ആശുപത്രികൾക്കു പുറമെ കാസ്പ്–പി.എം.ജെ.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട എംപാനൽഡ് സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. സന്നദ്ധത അറിയിക്കുന്ന മറ്റ് സ്വകാര്യ ആശുപത്രികളെയും സ്വകാര്യ ആംബുലൻസുകളെയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കുള്ള യാത്ര മാത്രമല്ല, തുടർചികിത്സയ്ക്കുള്ള ആശുപത്രി തിരഞ്ഞെടുപ്പും കൂടുതൽ ശാസ്ത്രീയമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ആരോഗ്യവകുപ്പിനു പുറമെ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ദുരന്തനിവാരണ അതോറിറ്റി, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ ഏകോപനത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. അപകടം കണ്ടയുടൻ 108 എന്ന നമ്പറിൽ വിളിക്കുക, അപകടസ്ഥലം കൃത്യമായി അറിയിക്കുക, പരിക്കേറ്റവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണവും നടത്തും.

അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സമയബന്ധിതമായി ഇടപെടുന്ന സാധാരണ പൗരന്മാർ, ആംബുലൻസ് ജീവനക്കാർ, കോൾ സെന്റർ പ്രവർത്തകർ, ആശുപത്രികളിലെ ട്രോമാ കെയർ സംഘങ്ങൾ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ എന്നിവരെ ആദരിക്കാനും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്.

കേരളത്തിലെ റോഡപകടങ്ങളുടെ കണക്കുകൾ പദ്ധതിയുടെ പ്രസക്തി വ്യക്തമാക്കുന്നതാണ്. കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്ത് 49,889 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 3,733 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 35,873 അപകടങ്ങളിൽ 2,702 പേർ മരിക്കുകയും 41,040 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപകടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനൊപ്പം അപകടമുണ്ടായാൽ മരണത്തിലേക്ക് നയിച്ചേക്കാവുന്ന ചികിത്സാ കാലതാമസം കുറയ്ക്കുന്നതും നിർണായകമാണ്. അപകടത്തിനു ശേഷമുള്ള ആദ്യ ഒരു മണിക്കൂറായ ‘ഗോൾഡൻ അവർ’ ജീവൻ രക്ഷിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഈ നിർണായക സമയത്തിനുള്ളിൽ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാൻ ആംബുലൻസുകളും ആശുപത്രികളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയാണ് ‘ഗോൾഡൻ ഗോൾ’ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments