Sunday, November 29, 2026
HomeINDIAഎഥനോൾ വിവാദം: കർണാടക സർക്കാരിന്റെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമെന്ന് എണ്ണക്കമ്പനികൾ; സംയുക്ത പരിശോധന ആവശ്യപ്പെട്ടു

എഥനോൾ വിവാദം: കർണാടക സർക്കാരിന്റെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമെന്ന് എണ്ണക്കമ്പനികൾ; സംയുക്ത പരിശോധന ആവശ്യപ്പെട്ടു

കർണാടകയിൽ പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന സർക്കാർ ആരോപണം തള്ളി ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ. പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സംയുക്ത പരിശോധന ആവശ്യപ്പെട്ടു.

പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തിയെന്ന കർണാടക സർക്കാരിന്റെ കണ്ടെത്തലുകൾ തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. പരിശോധന നടത്തിയത് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും കണ്ടെത്തലുകൾ സാങ്കേതികമായി സ്ഥിരീകരിക്കാനാവില്ലെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ കമ്പനികൾ വ്യക്തമാക്കി.

കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആരോപണം. 63 പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതിൽ ഐഒസിയുടെ ഒരു സാമ്പിളിൽ 31.2 ശതമാനവും എച്ച്പിസിഎല്ലിന്റെ സാമ്പിളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തിയതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് അറിയിച്ചിരുന്നു. നിലവിലെ ഇ20 മാനദണ്ഡപ്രകാരം പെട്രോളിൽ 20 ശതമാനമാണ് അനുവദനീയമായ എഥനോൾ മിശ്രിതം.

എന്നാൽ, സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധന നടത്തിയ രീതിയിലും വീഴ്ചകളുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 2005-ലെ മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈസ്പീഡ് ഡീസൽ നിയന്ത്രണ ഉത്തരവും 2024-ലെ മാർക്കറ്റിങ് ഡിസിപ്ലിൻ മാർഗനിർദേശങ്ങളും അനുസരിച്ചല്ല ഒക്ടോബറിലെ പരിശോധന നടന്നതെന്നും കമ്പനികൾ ആരോപിച്ചു. പരിശോധനാ സാമ്പിളുകൾ സംയുക്തമായി ശേഖരിക്കുകയോ സൂക്ഷിച്ചുവെച്ച സാമ്പിളുകൾ കമ്പനികൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരിശോധിച്ച 893 സാമ്പിളുകളിലും എഥനോൾ അളവ് നിശ്ചിത പരിധിക്കുള്ളിലാണെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. കർണാടകയിൽ മാത്രം പരിശോധിച്ച 56 സാമ്പിളുകളിൽ എഥനോൾ അളവ് 19 മുതൽ 20 ശതമാനം വരെയാണെന്നും ശരാശരി 19.30 ശതമാനമാണെന്നും കമ്പനികൾ വ്യക്തമാക്കി.

കർണാടക സർക്കാരിന്റെ കണ്ടെത്തലുകൾ സുതാര്യവും ശാസ്ത്രീയവുമായ രീതിയിൽ വീണ്ടും പരിശോധിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. ഇതിനായി സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംയുക്ത സാമ്പിൾ ശേഖരണവും സ്വതന്ത്ര ലബോറട്ടറി പരിശോധനയും നടത്താൻ തയ്യാറാണെന്നും കമ്പനികൾ അറിയിച്ചു.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments