ജപ്പാനിൽ ശക്തമായ ഭൂചലനം. ഞായറാഴ്ച പുലർച്ചെ മധ്യജപ്പാനിലെ ഷിസുവോക്ക പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലയിലുണ്ടായ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 22 പേർക്ക് പരിക്കേറ്റു. ഭൂചലനത്തെത്തുടർന്ന് വിവിധയിടങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും കടകളുടെ ചില്ലുകൾ തകരുകയും ചെയ്തു. സുനാമി ഭീഷണിയില്ലെന്ന് പ്രധാനമന്ത്രി സനായെ തകൈച്ചി അറിയിച്ചു.
പ്രാദേശിക സമയം പുലർച്ചെ 1.04-നാണ് ഭൂചലനമുണ്ടായത്. ഭൂമിയിൽനിന്ന് ഏകദേശം 40 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. അയൽപ്രവിശ്യയായ ഐച്ചിയിലെ ചിറ്റ നഗരത്തിലാണ് ഏറ്റവും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ജപ്പാനിലെ ഭൂകമ്പ തീവ്രതാ സ്കെയിലിൽ പരമാവധി അഞ്ച് പ്ലസ് രേഖപ്പെടുത്തി. സമീപപ്രദേശങ്ങളായ ഗിഫു, നാഗാനോ, യമനാഷി തുടങ്ങിയ മേഖലകളിലും പ്രകമ്പനം അനുഭവപ്പെട്ടു
ഭൂചലനത്തെത്തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽനിന്ന് പുറത്തേക്ക് ഓടുന്നതിനിടെ ചിലർക്ക് വീണ് പരിക്കേറ്റു. കടകളുടെ ചില്ലുകൾ തകരുകയും ഒരു പുസ്തകശാലയിൽ പുസ്തകങ്ങൾ അലമാരകളിൽനിന്ന് താഴേക്ക് വീഴുകയും ചെയ്തു. ഭൂകമ്പത്തിന് പിന്നാലെ ചെറിയ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭൂചലനത്തെത്തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. നാശനഷ്ടങ്ങൾ വിലയിരുത്താനും ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും അധികൃതർക്ക് സനായെ തകൈച്ചി നിർദേശം നൽകി. സുനാമി മുന്നറിയിപ്പിന്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, അടുത്ത ഒരാഴ്ച ഭൂകമ്പസാധ്യതയുള്ള മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ സമാനമായ തീവ്രതയിലുള്ള തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ശക്തമായ പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, പാറകൾ വീഴൽ തുടങ്ങിയ അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ജപ്പാനിലെ ഗതാഗത സംവിധാനങ്ങളിലും ഭൂചലനത്തിന്റെ പ്രതിഫലനമുണ്ടായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചില ബുള്ളറ്റ് ട്രെയിൻ സർവീസുകൾ വേഗം കുറച്ചാണ് ഓടിച്ചത്. നാങ്കായ് ട്രഫ് മേഖലയിലെ ഭൂമിക്കടിയിലെ ഫലകങ്ങളുടെ ചലനത്തിൽ അസാധാരണമായ മാറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


