Sunday, November 29, 2026
HomeINDIAചെന്നൈ ദൗത്യം പാളി; സ്റ്റാലിന്റെ നിലപാടിൽ മാറ്റമില്ല, നിരാശയോടെ മടങ്ങി ഇന്ത്യ സഖ്യ നേതാക്കൾ

ചെന്നൈ ദൗത്യം പാളി; സ്റ്റാലിന്റെ നിലപാടിൽ മാറ്റമില്ല, നിരാശയോടെ മടങ്ങി ഇന്ത്യ സഖ്യ നേതാക്കൾ

മണ്ഡല പുനർനിർണയ ബില്ലിനെതിരെ ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാനുള്ള കോൺഗ്രസിന്റെ അവസാനവട്ട നീക്കത്തിന് തിരിച്ചടി. എം.കെ. സ്റ്റാലിൻ നിലപാടിൽ ഉറച്ചുനിന്നതോടെ ചെന്നൈയിലെത്തിയ ഇന്ത്യ സഖ്യ നേതാക്കളുടെ ദൗത്യം പരാജയപ്പെട്ടതായി വിലയിരുത്തൽ.

ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നിലപാട് മാറ്റാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധിച്ചില്ല.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയ നേതാക്കളാണ് സ്റ്റാലിനെ കാണാൻ ചെന്നൈയിലെത്തിയത്.

വി ഡി സതീശൻ ഉൾപ്പെടെ നാല് മുഖ്യമന്ത്രിമാരും ദൗത്യത്തിൽ പങ്കെടുത്തു .

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കുകയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ മണ്ഡല പുനർനിർണയത്തിൽ തമിഴ്‌നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

പുതിയ നിർദേശപ്രകാരം ലോക്‌സഭയിലെ തമിഴ്‌നാടിന്റെ പ്രാതിനിധ്യം 7.18 ശതമാനത്തിൽനിന്ന് 7.21 ശതമാനമായി ഉയരുമെന്ന വാദം ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ പുതിയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം സ്വീകരിച്ചത്.

രാഹുൽ ഗാന്ധിയുടെ അഭ്യർഥനയ്ക്ക് മറുപടിയായി, തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിയാകും ഡിഎംകെയുടെ തീരുമാനങ്ങളെന്നും ഈ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലിനെ എങ്ങനെ നേരിടണമെന്നതിൽ പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച ഡൽഹിയിൽ വീണ്ടും ചർച്ച നടത്തും.

ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാതിരുന്നത് പ്രതിപക്ഷത്തിന്റെ സംയുക്ത നീക്കത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments