Sunday, July 19, 2026
HomeKERALAഅവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: കേരളവുമായി ബന്ധമുള്ള അനധികൃത അവയവക്കടത്ത് ശൃംഖലയിൽ കള്ളപ്പണ ഇടപാടുകൾ നടന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ച സംഘമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ട് വ്യാജ രേഖകൾ ഉപയോഗിച്ച് അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ സംഘടിപ്പിച്ചതെന്ന് ഇഡി കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് ഇഡി കേരളത്തിലെ വിവിധ ജില്ലകളിലായി ആശുപത്രികളും പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഉൾപ്പെടെ ഒൻപത് സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇടനിലക്കാരിലൂടെ ദാതാക്കളെയും സ്വീകരിക്കുന്നവരെയും ബന്ധിപ്പിച്ച് വൻതുക ഈടാക്കിയതായും, പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും മറച്ചുവെച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.മുഖ്യപ്രതിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിൽ വർഷങ്ങളായി പ്രവർത്തിച്ച ശൃംഖല നിരവധി അനധികൃത അവയവമാറ്റങ്ങൾ നടത്തിയതായി പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്കുള്ള സാമ്പത്തിക ഇടപാടുകളടക്കമുള്ള വിവരങ്ങളും പരിശോധിച്ചുവരികയാണ്.

കേസിൽ പിടിച്ചെടുത്ത സാമ്പത്തിക രേഖകൾ, ബാങ്ക് അക്കൗണ്ടുകൾ, ആശുപത്രി രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും, അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമാക്കാനും ഇഡി ഒരുങ്ങുകയാണ്. ചില ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments