Wednesday, September 2, 2026
HomeKERALAഎസ്എസ്എൽസി പാസായാലും അടിസ്ഥാന പഠനനൈപുണ്യം ഉറപ്പാക്കണം; ‘താരാപഥം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി പാസായാലും അടിസ്ഥാന പഠനനൈപുണ്യം ഉറപ്പാക്കണം; ‘താരാപഥം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

 

എസ്എസ്എൽസി വിജയിക്കുന്ന വിദ്യാർഥികളിൽ പലർക്കും അടിസ്ഥാന ഗണിതശേഷിയും എഴുത്തും വായനയും ആവശ്യമായ നിലവാരത്തിൽ ഇല്ലെന്ന് പരക്കെ ആക്ഷേപം 

അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകളെക്കുറിച്ച്‌ കാലങ്ങളായുള്ള പരാതികളിൽ നടപടി തുടങ്ങിയത് ഇപ്പോൾ

സംസ്ഥാനത്തെ സ്കൂളുകളിൽ പഠനത്തിന്റെ അടിസ്ഥാന നിലവാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ‘താരാപഥം’ എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു. എസ്എസ്എൽസി വിജയിക്കുന്ന വിദ്യാർഥികളിൽ പലർക്കും അടിസ്ഥാന ഗണിതശേഷിയും എഴുത്തും വായനയും ആവശ്യമായ നിലവാരത്തിൽ ഇല്ലെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ഓരോ ക്ലാസിലും വിദ്യാർഥികൾ നിർബന്ധമായും ആർജിക്കേണ്ട അടിസ്ഥാന പഠനശേഷികളും അറിവുകളും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ കൈവരിക്കേണ്ട പഠനനിലവാരം കൃത്യമായി വിലയിരുത്തുകയും അതനുസരിച്ച് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യും.

പദ്ധതിയെക്കുറിച്ച് വിശദീകരിച്ച പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു, കുട്ടികൾക്ക് അധിക സമ്മർദമോ ബുദ്ധിമുട്ടോ സൃഷ്ടിക്കാതെ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന വലിയൊരു അക്കാദമിക് ഇടപെടലായിരിക്കും ‘താരാപഥം’. പഠനത്തിലെ അടിസ്ഥാന പോരായ്മകൾ നേരത്തേ കണ്ടെത്തി പരിഹരിക്കുന്നതിലൂടെ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അടിസ്ഥാന വായന, എഴുത്ത്, ഗണിതശേഷി എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പാക്കുന്നതിലൂടെ ഉന്നത ക്ലാസുകളിലെ പഠനം കൂടുതൽ ഫലപ്രദമാക്കാനും പഠന പിന്നാക്കം കുറയ്ക്കാനും ‘താരാപഥം’ പദ്ധതി സഹായകരമാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments