Wednesday, September 2, 2026
HomeGulfഎസ്.എൽ.കെ സീസൺ 3 ലക്ഷ്യമിട്ട് ചാമ്പ്യൻമാരുടെ നീക്കം: മുഹമ്മദ് സിനാനെ തിരിച്ചെത്തിച്ച് കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ലബ്ബ്

എസ്.എൽ.കെ സീസൺ 3 ലക്ഷ്യമിട്ട് ചാമ്പ്യൻമാരുടെ നീക്കം: മുഹമ്മദ് സിനാനെ തിരിച്ചെത്തിച്ച് കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ലബ്ബ്

കണ്ണൂർ: സൂപ്പർ ലീഗ് കേരള (എസ്.എൽ.കെ) മൂന്നാം സീസണിന് മുന്നോടിയായി കിരീട പ്രതിരോധത്തിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മലയാളി താരം മുഹമ്മദ് സിനാനെ വീണ്ടും ടീമിലെത്തിച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

“2025-ൽ നടന്ന സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ച കണ്ണൂർ വാരിയേഴ്സ്, ഇനി നടക്കാനിരിക്കുന്ന സീസൺ 3-ലും കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് താരനിര ശക്തിപ്പെടുത്തുന്നത്. അതിന്റെ ഭാഗമായാണ് ആരാധകർക്ക് സുപരിചിതനായ മുഹമ്മദ് സിനാനെ വീണ്ടും ടീമിലെത്തിച്ചിരിക്കുന്നതെന്ന്”
ഖത്തറിൽ വ്യവസായിയും , കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ളബ്ബിന്റെ സ്ഥാപക ഡയറക്ടറുമായ മിബു ജോസ് നെറ്റിക്കാടൻ ദോഹയിൽ മലയാളധ്വനിയോട് പറഞ്ഞു.

മിബു ജോസ് നെറ്റിക്കാടൻ ഡയറക്ടർ കണ്ണൂർ വാരിയേഴ്സ്

കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേഴ്സിനായി 11 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ സിനാൻ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. കൂടാതെ 16 ഗോളവസരങ്ങൾ സൃഷ്ടിച്ച് ടീമിന്റെ ആക്രമണനിരയ്ക്ക് കരുത്തേകുന്നതിലും നിർണായക പങ്കുവഹിച്ചു. മികച്ച ഡ്രിബ്ലിങ് മികവും പന്ത് നിയന്ത്രണവും ആക്രമണങ്ങൾ മെനയാനുള്ള കഴിവുമാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്.

എസ്.എൽ.കെ സീസണിന് ശേഷം അസമിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. റിസർവ് ടീമിലേക്ക് ചേക്കേറിയ സിനാൻ, വലിയ അനുഭവസമ്പത്തുമായാണ് വീണ്ടും കണ്ണൂർ വാരിയേഴ്സിന്റെ ജഴ്‌സിയണിയുന്നത്. ഈ തിരിച്ചുവരവ് ടീമിന്റെ മധ്യനിരയ്ക്ക് കൂടുതൽ കരുത്തും സ്ഥിരതയും നൽകുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.

“കഴിഞ്ഞ സീസണിൽ മികച്ച ടീം പ്രകടനത്തിലൂടെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സ്, പുതിയ സീസണിലും ശക്തമായ താരനിരയെ അണിനിരത്തി കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ്. സിനാന്റെ അനുഭവവും സൃഷ്ടിപരമായ കളിശൈലിയും ടീമിന് നിർണായക ശക്തിയാകുമെന്നുള്ള വിശ്വാസം ,” ഖത്തറിൽ വ്യവസായിയായ കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ളബ്ബിന്റെ സ്ഥാപക ഡയറക്ടർമാരിലൊരാളായ കെ എം വർഗീസ് ദോഹയിൽ മലയാളധ്വനിയോട് പങ്കുവച്ചു.

കെ എം വർഗീസ് ഡയറക്ടർ കണ്ണൂർ വാരിയേഴ്സ്

സീസൺ 3-ലും കിരീടം നിലനിർത്താനുള്ള ദൃഢനിശ്ചയത്തോടെയാണ് കണ്ണൂർ വാരിയേഴ്സിന്റെ ഓരോ നീക്കവും. മുഹമ്മദ് സിനാന്റെ തിരിച്ചുവരവ് ആ ലക്ഷ്യത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പായാണ് ഫുട്ബോൾ ആരാധകർ വിലയിരുത്തുന്നത്.

സഹലുദ്ദീൻ അഹമ്മദ്

കണ്ണൂർവാരിയേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ അസിസ്റ്റൻറ് ഫിസിയോ സഹലുദ്ദീൻ അഹമ്മദ് ഈ ഈ സീസണിലും ആസ്ഥാനത്ത് തുടരുമെന്നും ക്ലബ്ബ് ഡയറക്ടർമാർ അറിയിച്ചു .

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments