മുംബൈ: മഹാരാഷ്ട്രയിലെ ശരദ് പവാർ നയിക്കുന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി)യിൽ വീണ്ടും കൂറുമാറ്റ ചർച്ചകൾ ശക്തമാകുന്നു. പാർട്ടിയുടെ എട്ട് ലോക്സഭാ അംഗങ്ങളിൽ അഞ്ച് പേർ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിലേക്കോ അജിത് പവാർ വിഭാഗത്തിലേക്കോ ചേർന്നേക്കുമെന്ന തരത്തിലുള്ള വാർത്തകൾ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് വിവാദം.അജിത് പവാർ വിഭാഗത്തിലെ എംഎൽഎ ധർമറാവു ആത്രമാണ് ഈ അവകാശവാദം ഉന്നയിച്ചത്. ഡിസംബറോടെ അഞ്ച് എംപിമാർ പക്ഷം മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങി.
എന്നാൽ, ഇത്തരം വാർത്തകൾ എൻസിപി (എസ്.പി) നേതൃത്വം തള്ളിക്കളഞ്ഞു. പാർട്ടിയുടെ പ്രമുഖ നേതാവും എംഎൽഎയുമായ രോഹിത് പവാർ, എംപിമാർ പാർട്ടി വിടില്ലെന്നും കൂറുമാറ്റ സാധ്യതകളെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി. മധ മണ്ഡലത്തിൽ നിന്നുള്ള എംപി ധൈര്യശീൽ മോഹിതെ-പാട്ടീലും അഭ്യൂഹങ്ങൾ നിഷേധിച്ചു.സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷൻ ശരദ് പവാർ എംപിമാരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം, അഞ്ച് എംപിമാർ ബിജെപിയിലേക്കോ അജിത് പവാർ വിഭാഗത്തിലേക്കോ പോകുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാഷ്ട്രീയ ആരോപണങ്ങളും അഭ്യൂഹങ്ങളുമാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.



