Wednesday, September 2, 2026
HomeKERALAഓപ്പറേഷൻ തൂഫാന്’ കഡെക്സാ ഖത്തറിന്റെ പൂർണ പിന്തുണ; ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകാൻ സന്നദ്ധത

ഓപ്പറേഷൻ തൂഫാന്’ കഡെക്സാ ഖത്തറിന്റെ പൂർണ പിന്തുണ; ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകാൻ സന്നദ്ധത

കേരളത്തിൽ ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായി നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ നടപടികൾക്ക് കാസർകോട് ജില്ലാ പ്രവാസി അസോസിയേഷൻ (കഡെക്സാ) ഖത്തർ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ലഹരി എന്ന സാമൂഹിക വിപത്ത് കേരളത്തിന്റെ ഭാവിതലമുറയ്ക്ക് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സർക്കാരും പൊലീസ്, എക്സൈസ് ഉൾപ്പെടെയുള്ള നിയമപാലന ഏജൻസികളും നടത്തുന്ന ശക്തമായ നടപടികൾ അഭിനന്ദനാർഹമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. ലഹരി ശൃംഖലകളെ പൂർണമായും തകർക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടർന്നും ശക്തിപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ലഹരിവിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ കഡെക്സാ ഖത്തർ വർഷങ്ങളായി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി 2025 ഏപ്രിലിൽ കാസർകോട് ജില്ലയിലെ ബോവിക്കാനത്ത് നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ജനപ്രതിനിധികൾ, പൊലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത പരിപാടി വലിയ ജനശ്രദ്ധ നേടിയിരുന്നു.

പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തവും സാമൂഹിക സംഘടനകളുടെ ഇടപെടലും ലഹരിക്കെതിരായ പോരാട്ടത്തിൽ നിർണായകമാണെന്ന് കഡെക്സാ പ്രസിഡണ്ട് ഹരികുമാർ കാനത്തൂർ ചൂണ്ടിക്കാട്ടി. നിയമനടപടികൾക്കൊപ്പം കുടുംബം, വിദ്യാലയങ്ങൾ, മത-സാമൂഹിക സംഘടനകൾ, മാധ്യമങ്ങൾ എന്നിവയുടെ കൂട്ടായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ മാത്രമേ ലഹരിയില്ലാത്ത സമൂഹം സൃഷ്ടിക്കാൻ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹരികുമാർ കാനത്തൂർ , പ്രസിഡണ്ട് കഡെക്‌സാ ഖത്തർ

സർക്കാർ നടപ്പിലാക്കുന്ന എല്ലാ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കഡെക്സാ ഖത്തറിന്റെ പൂർണ സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും, ഭാവിയിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സംഘടന സന്നദ്ധമാണെന്നും പ്രസിഡന്റ് ഹരികുമാർ കാനത്തൂർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments