കോഴിക്കോട്: നഗരത്തിൽ തുടരുന്ന കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചരിത്രപ്രാധാന്യമുള്ള പഴക്കമേറിയ ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകർന്നു വീണു. സംഭവം പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടവർ തകർന്നുവീണ സമയത്ത് സമീപത്ത് യാത്രക്കാരുടെ തിരക്ക് കുറവായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വിവരമറിഞ്ഞ ഉടൻ റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി പ്രദേശം സുരക്ഷാ വലയത്തിലാക്കി. തകർന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ക്ലോക്ക് ടവറിന് സമീപത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനവും താൽക്കാലികമായി നിയന്ത്രിച്ചു.തുടർച്ചയായ കനത്ത മഴയും പഴക്കവും ചേർന്നതാണ് ടവർ തകർന്നുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൃത്യമായ കാരണം കണ്ടെത്താൻ സാങ്കേതിക പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ മുഖമുദ്രകളിലൊന്നായി കണക്കാക്കപ്പെടുന്ന ക്ലോക്ക് ടവറിന്റെ ഭാഗം തകർന്നത് നഗരവാസികളിലും യാത്രക്കാരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നും ആവശ്യമെങ്കിൽ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.



