Wednesday, September 2, 2026
HomeQatarകരുതലിന് ഒരൊറ്റപ്പേര് – ഉമ്മൻ ചാണ്ടി’; ദോഹയിൽ വികാരനിർഭര അനുസ്മരണം, ഷാനവാസ് ബാവയ്ക്ക് ‘ഉമ്മൻ ചാണ്ടി...

കരുതലിന് ഒരൊറ്റപ്പേര് – ഉമ്മൻ ചാണ്ടി’; ദോഹയിൽ വികാരനിർഭര അനുസ്മരണം, ഷാനവാസ് ബാവയ്ക്ക് ‘ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം-2026’

ദോഹ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ‘ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം-2026’ സമർപ്പണവും വെള്ളിയാഴ്ച വൈകിട്ട് ദോഹയിലെ ഐ.സി.സി. അശോക ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയ ജീവിതത്തെ ഓർമിപ്പിക്കുന്ന വികാരനിർഭരമായ സംഗമമായി.

“കരുതലിന് ഒരൊറ്റപ്പേര് – ഉമ്മൻ ചാണ്ടി” എന്ന സന്ദേശമുയർത്തിപ്പിടിച്ചായിരുന്നു ഇത്തവണത്തെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ജീവിതം സമർപ്പിച്ച ജനനായകന്റെ പൊതുസേവന പാരമ്പര്യവും മനുഷ്യസ്നേഹവും പുതുതലമുറയ്ക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യക്ഷത വഹിച്ച ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകര പറഞ്ഞു.

ചടങ്ങിലെ മുഖ്യാതിഥിയായ അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. “ഒരു പൊതു പ്രവർത്തകൻ എങ്ങനെയായിരിക്കണമെന്ന് ജീവിച്ച് കാണിച്ച ഇന്ത്യയിലെ വിരലിലെണ്ണാവുന്ന നേതാക്കളിൽ പ്രമുഖനാണ് ഉമ്മൻ ചാണ്ടി. സാധാരണക്കാരെയും രോഗികളെയും അശരണരെയും നെഞ്ചോട് ചേർത്ത് നിർത്തി അവരുടെ വേദനകൾക്കും വിഷമങ്ങൾക്കും പരിഹാരം കണ്ടെത്തിയ അനശ്വരനായ നേതാവാണ് അദ്ദേഹം,” എന്ന് അബിൻ വർക്കി പറഞ്ഞു.

പ്രചാരണങ്ങളുടെയോ വമ്പൻ പ്രചാരണ സംവിധാനങ്ങളുടെയോ പിന്തുണയില്ലാതെ മൂന്ന് തലമുറകളുടെ വിശ്വാസം നേടി 53 വർഷം നിയമസഭാംഗമായി തുടർന്ന മറ്റൊരു ജനകീയ നേതാവിനെ ഇന്ത്യയിൽ കാണാനാകില്ലെന്നും അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

പൊതുസേവന രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയ ‘ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം-2026’ ഈ വർഷം ഐ.സി.ബി.എഫ് പ്രസിഡന്റ് സി.എ. ഷാനവാസ് ബാവയ്ക്ക് സമ്മാനിച്ചു. മുഖ്യാതിഥി അഡ്വ. അബിൻ വർക്കി എം.എൽ.എ പുരസ്കാരം കൈമാറി.

മുഖ്യാതിഥി അബിൻ വർക്കി എം.എൽ.എയെ ഇൻകാസ് ഖത്തർ രക്ഷാധികാരി ജോൺ ഗിൽബർട്ട് ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് പുരസ്കാര ജേതാവ് സി.എ. ഷാനവാസ് ബാവയെ ഇൻകാസ് ഖത്തർ രക്ഷാധികാരി ജോപ്പച്ചൻ തെക്കേക്കൂട്ട് ഷാൾ പുതപ്പിച്ച് ആദരിച്ചു.

സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതം പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയായ ഉമ്മൻ ചാണ്ടിയുടെ ജീവിതം കരുതലിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും പാഠപുസ്തകമാണെന്ന് കെ വി ബോബൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതത്തിലെ ശ്രദ്ധേയമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനവും ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ചു. ഐ.സി.സി. അശോക ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സാണ് അനുസ്മരണ സമ്മേളനത്തിന് സാക്ഷിയായത്.

അപ്പെക്സ് ബോഡി പ്രസിഡന്റുമാരായ സി.എ. ഷാനവാസ് ബാവ, എ.പി. മണികണ്ഠൻ, ഇ.പി. അബ്ദുൾ റഹ്മാൻ, സംസ്കൃതി പ്രസിഡന്റ് ഷംസീർ അരീക്കുളം, ഐ.സി.സി. ഉപദേശക സമിതി അധ്യക്ഷൻ കെ.എസ്. പ്രസാദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.
ഫാസിൽ വടക്കെകാട് നന്ദി പറഞ്ഞു.
ചടങ്ങിൽ ഇൻകാസ് ഖത്തർ ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും പൊതുപ്രവർത്തകരും വലിയ തോതിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments