തിരുവനന്തപുരം: കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. കേരള തദ്ദേശഭരണ ചരിത്രത്തിൽ ആദ്യമായാണ് ഒരു കൗൺസിലർ ജയിലിനുള്ളിൽ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഹൈക്കോടതിയുടെ അനുമതിയെ തുടർന്നാണ് ജയിൽ ലൈബ്രറിയിൽ ചടങ്ങ് സംഘടിപ്പിച്ചത്. തിരുവനന്തപുരം മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ മുമ്പ് സ്വീകരിച്ച സത്യപ്രതിജ്ഞ നിയമപരമായി അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. നിയമപ്രകാരമുള്ള നിശ്ചിത രൂപത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോടതി നിർദേശിച്ചതിനെ തുടർന്നാണ് 19 കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ കാപ്പ കേസിൽ ജയിലിൽ കഴിയുന്നതിനാൽ സുഗതന് നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തിലാണ് പ്രത്യേക അനുമതിയോടെ ജയിലിൽ ചടങ്ങ് നടത്തിയത്.
വധശ്രമക്കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാണ്. സത്യപ്രതിജ്ഞയ്ക്കായി ജയിൽവിടാൻ അനുവദിക്കണമെന്ന ആവശ്യം സർക്കാർ എതിർത്തതിനെ തുടർന്ന്, ജയിലിൽവെച്ച് തന്നെ ചടങ്ങ് നടത്താൻ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു.



